'പൊലീസ് ആണെന്ന് അറിഞ്ഞുകൊണ്ടാണ് മർദിച്ചത്; പലതവണ നെഞ്ചിൽ ആഞ്ഞു ചവിട്ടി': മൊഴി

Mail This Article
ഏറ്റുമാനൂർ∙ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞുകൊണ്ടാണ് മർദിച്ചതെന്നും പലതവണ ശ്യാംപ്രസാദിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയെന്നും തെള്ളകത്ത് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി ജിബിൻ ജോർജ് പൊലീസിനോട് സമ്മതിച്ചു. ആദ്യഘട്ടത്തിൽ കേസിനോടു സഹകരിക്കാതെ അക്രമാസക്തനായിരുന്നു ജിബിൻ. സംഭവ ദിവസം താൻ രാവിലെ മുതൽ ബാറിലുണ്ടായിരുന്നുവെന്നും മദ്യത്തിനൊപ്പം കഞ്ചാവും ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിനോടു സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസിൽ ആണ് കേസന്വേഷിക്കുന്നത്.

90 ശതമാനം തെളിവുകളും ശേഖരിച്ചു കഴിഞ്ഞെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊല നടത്തിയത് പ്രതി ജിബിൻ ജോർജ് ആണെന്നു തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളുമുണ്ട്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയായി. കൂടുതൽ തെളിവുകൾ ആവശ്യമെങ്കിൽ മാത്രമേ കസ്റ്റഡി അപേക്ഷ സമർപ്പിക്കൂവെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. പ്രതിയുടെ മുടിനാര് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും കൃത്യം നടത്തിയത് ജിബിൻ തന്നെയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ സിഗ്നലുകളും തെളിവായി പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് ഡ്യൂട്ടി സമയത്ത്
ഏറ്റുമാനൂർ ∙ തെള്ളകത്ത് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന സംഭവത്തിൽ കൊല നടന്നതു പൊലീസുകാരൻ ഡ്യൂട്ടിയിലുള്ള സമയത്തു തന്നെയെന്ന് അന്വേഷണ സംഘം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജോലിക്കു വീട്ടിൽ നിന്നിറങ്ങി തിരികെ വീട്ടിലെത്തുന്നതു വരെയുള്ള സമയം ഡ്യൂട്ടി സമയമായി കണക്കാക്കാം എന്ന ചട്ടപ്രകാരമാണ്, കൊലപാതകം ഡ്യൂട്ടി സമയത്തു തന്നെയെന്ന നിലപാടിൽ പൊലീസ് എത്തിയത്. ഈ സാധ്യത അംഗീകരിക്കപ്പെട്ടാൽ പ്രതിക്കെതിരെ വധശ്രമത്തിനു പിന്നാലെ കൂടുതൽ വകുപ്പുകളും കുറ്റപത്രത്തിൽ ചേർക്കും. ഇതിനായി പൊലീസ് നിയമോപദേശം തേടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ച രാത്രി തന്നെ പ്രതിയെ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിഐജി സംഭവസ്ഥലത്ത്
എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ കോട്ടയത്തെത്തി കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു. ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കൊലപാതകം നടന്ന സ്ഥലവും കൊല്ലപ്പെട്ട ശ്യാമിന്റെ വീട്ടിലും സന്ദർശനം നടത്തിയ ശേഷം രാത്രിയോടെ അദ്ദേഹം മടങ്ങി. നിയമസഭ സമ്മേളനം നടക്കാനിരിക്കെ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാനാണ് ഡിഐജിയുടെ സന്ദർശനമെന്നാണ് വിവരം.
കുടുംബത്തെ ചേർത്തുപിടിച്ച് പൊലീസ് സേന
കുറുപ്പന്തറ ∙ കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫിസർ ശ്യാംപ്രസാദിന്റെ കുടുംബത്തിന് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിനൊപ്പമാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഡിഐജി ശ്യാംപ്രസാദിന്റെ വീട്ടിലെത്തിയത്.
ശ്യാംപ്രസാദിന്റെ ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവരെ സതീഷ് ബിനോ ആശ്വസിപ്പിച്ചു. പൊലീസ് സേന കുടുംബത്തിന് ഒപ്പമുണ്ടാകും. സേനയുടെ സഹായം കുടുംബത്തിനു നൽകും. ഭാര്യ അമ്പിളിക്ക് ജോലി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിനെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തിയതായും ഡിഐജി സതീഷ് ബിനോ പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും ശ്യാംപ്രസാദിന്റെ ജോലിയായിരുന്നു ആശ്രയമെന്നും കുടുംബാംഗങ്ങൾ ഡിഐജിയെ ധരിപ്പിച്ചു.