തെരുവുനായശല്യം: എബിസി പദ്ധതിയുമായി ചങ്ങനാശേരി നഗരസഭ

Mail This Article
ചങ്ങനാശേരി ∙ നഗരസഭാപരിധിയിലെ തെരുവുനായശല്യം പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുമായി നഗരസഭ. പ്രാഥമികഘട്ട നടപടികൾ പുരോഗമിക്കുകയാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതാണ് എബിസി പദ്ധതി. മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പെരുന്നയിലെ നഗരസഭാ മൃഗാശുപത്രിക്ക് സമീപം എബിസി പദ്ധതി ആരംഭിക്കാനാണ് ശ്രമം.
ഇതു സംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാർ, മൃഗസ്നേഹികൾ എന്നിവരുമായി ചർച്ച നടത്തി. മൃഗാശുപത്രി വളപ്പിനോടു ചേർന്ന് തന്നെ നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽറ്റർ നിർമിക്കും. വിവിധയിടങ്ങളിൽനിന്ന് പിടികൂടുന്ന നായ്ക്കളെ കൂടുകളിലേക്കു മാറ്റി നിരീക്ഷിക്കും. തുടർന്ന് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. വീണ്ടും നിരീക്ഷണത്തിനായി കൂടുകളിലേക്കു മാറ്റും. പിന്നീട് പിടികൂടിയ സ്ഥലങ്ങളിൽ തന്നെ ഇവയെ തുറന്ന് വിടുകയാണ് ചെയ്യുന്നത്. മൃഗാശുപത്രിയിലെ ശസ്ത്രക്രിയാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാകും പദ്ധതി പൂർത്തിയാക്കുക.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യം
തെരുവുനായ ശല്യം പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും സഹകരണത്തോടെ എബിസി പദ്ധതി ആരംഭിക്കാൻ നഗരസഭ ശ്രമിച്ചിരുന്നു. പദ്ധതിക്കായി സ്ഥലം കണ്ടെത്താനും ശ്രമം നടത്തി.മറ്റിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭയ്ക്ക് പുറമേ പഞ്ചായത്ത് പരിധിയിൽനിന്ന് പിടികൂടുന്ന തെരുവുനായ്ക്കളെയും വന്ധ്യംകരണം നടത്താൻ നിശ്ചയിച്ചു. എന്നാൽ ഇവിടെ ചങ്ങനാശേരി നഗരസഭയോട് ചേർന്നുള്ള തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയോട് കൂടുതൽ സഹകരിച്ചില്ല. സ്ഥലം കണ്ടെത്താൻ സാധിക്കാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഒടുവിൽ തെരുവുനായ ആക്രമണങ്ങൾ വർധിച്ചതോടെ നഗരസഭ തന്നെ മുന്നിട്ടിറങ്ങി.
സ്ഥിരമായി മെഡിക്കൽ ഓഫിസർ വേണം
നഗരസഭാ മൃഗാശുപത്രിയിൽ സ്ഥിരമായ മെഡിക്കൽ ഓഫിസർ ഉണ്ടെങ്കിലേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ. ഇപ്പോഴുള്ള മെഡിക്കൽ ഓഫിസർക്ക് വാകത്താനത്തെ അധിക ചുമതല കൂടി നൽകിയിരിക്കുകയാണ്.