പാലങ്ങളിലെ ചെമ്പ് കേബിൾ കവരാൻ ഇനി നോക്കേണ്ട മോഷ്ടാവേ...

Mail This Article
കുമരകം ∙ പാലങ്ങളിലൂടെ കടന്നുപോകുന്ന ബിഎസ്എൻഎലിന്റെ ചെമ്പ് കേബിളുകൾ ഇനി മോഷ്ടാക്കൾക്കു കവരാൻ കഴിയില്ല. മോഷണം നടത്തണമെങ്കിൽ ഇനി മണ്ണുമാന്തി കേബിൾ കണ്ടെത്തണം. പാലങ്ങളിലൂടെ കടന്നുപോകുന്ന ചെമ്പ് കേബിളുകൾ ബിഎസ്എൻഎൽ നീക്കം ചെയ്യുകയാണിപ്പോൾ. കുഴിച്ചിട്ടിരിക്കുന്ന കേബിളുകൾ മാത്രമാണ് ഇനി അവശേഷിക്കുക.ജില്ലയിൽ പാലങ്ങളിലൂടെ പോകുന്ന ചെമ്പ് കേബിളുകൾ മോഷണം പോകുന്നതു പതിവായിരുന്നു.ചെമ്പ് കേബിളിനു പകരം പോസ്റ്റിലൂടെ ഫൈബർ കേബിളാണ് ഇപ്പോൾ വലിച്ചിരിക്കുന്നത്.
ഫോൺ കണക്‌ഷനുകൾ ഫൈബർ കേബിളിലേക്കു മാറ്റിയതോടെ ചെമ്പ് കേബിളുകൾക്ക് ഉപയോഗമില്ലാതായി. കുമരകം, വൈക്കം എന്നിവിടങ്ങളിലെ പാലങ്ങളിലൂടെ കടന്നു പോകുന്ന ചെമ്പ് കേബിളുകൾ മോഷണം പോയിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരൻ എന്ന വ്യാജേന രാത്രിയെത്തി കേബിളുകൾ മുറിച്ചു കൊണ്ടുപോകുകയായിരുന്നു. ഇരുമ്പു പൈപ്പുകളുടെ അകത്തു കൂടി ഇട്ടിരുന്ന കേബിളാണ് മോഷണം പോയത്. ബിഎസ്എൻഎലിനു ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. കുമരകം മേഖലയിലെ പാലങ്ങളിലൂടെ കടന്നുപോകുന്ന കേബിളുകൾ നീക്കം ചെയ്തു തുടങ്ങി.