വൈക്കം-വെച്ചൂർ റോഡിന് ഭൂമി ഏറ്റെടുക്കൽ; ഹിയറിങ് ആരംഭിച്ചു

Mail This Article
വൈക്കം ∙ കിഫ്ബി ധനസഹായത്തോടെ വീതി കൂട്ടി ആധുനികരീതിയിൽ നിർമിക്കുന്ന വൈക്കം-വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ടുള്ള ഹിയറിങ് നടപടികൾ ആരംഭിച്ചു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടുകൾ, കടകൾ എന്നിവ പൂർണമായും നഷ്ടപ്പെടുന്നവർ, ഇതുമൂലം തൊഴിൽ നഷ്ടപ്പെടുന്നവർ എന്നിവർക്കു നൽകുന്ന പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്ന 103 ഗുണഭോക്താക്കളുടെ രേഖകളാണ് ഹിയറിങ്ങിൽ പരിശോധിക്കുന്നത്. ഇന്നലെ തലയാഴം പഞ്ചായത്ത് ഹാളിൽ ആരംഭിച്ച ഹിയറിങ് 20വരെ തുടരും.
ഡപ്യൂട്ടി കലക്ടർ ജിനു പുന്നൂസ്, കിഫ്ബി ഭൂമി ഏറ്റെടുക്കൽ സ്പെഷൽ തഹസിൽദാർ രഹ്ന യൂനുസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നത്. സി.കെ.ആശ എംഎൽഎ ഇന്നലെ നടത്തിയ ഹിയറിങ് നടപടികളിൽ പങ്കെടുത്തു.റോഡ് വികസനവുമായി ബന്ധപ്പെട്ട തോട്ടകം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോ മീറ്റർ റോഡ് 13മീറ്റർ വീതിയിൽ നിർമിക്കുന്നതിന് 963 കൈവശക്കാരുടെ പക്കലുള്ള 6.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജംഗമ വിലനിർണയം അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായി സി.കെ.ആശ എംഎൽഎ അറിയിച്ചു.
വൈക്കം-വെച്ചൂർ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 85.77 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും ലഭ്യമാകേണ്ടത്. റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയിൽപെടുത്തി 4.2 കോടി രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ അഞ്ചുമന പാലം കഴിഞ്ഞ മാസം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. വൈക്കം-വെച്ചൂർ റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രതീക്ഷയുടെ പുതു വെളിച്ചത്തിലാണ് വൈക്കം നിവാസികൾ.