അറ്റകുറ്റപ്പണി നടത്തിയതോടെ റോഡരിക് ഉയർന്നു; അപകടസാധ്യത

Mail This Article
വാഴൂർ ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി റീടാറിങ് നടത്തിയ ദേശീയപാത 183ൽ പലയിടത്തുമുണ്ടായ ഉയരവ്യത്യാസം ചെറുവാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ദുരിതമാകുന്നു. ബിഎംബിസിയിൽ ടാറിങ് നടത്തിയതോടെ റോഡിന്റെ ഇരുവശത്തുമുള്ള ഉയരം കൂടി; ഒപ്പം അപകടസാധ്യതയും. വീതിക്കുറവും കുത്തിറക്കവുമുള്ള റോഡിൽ രാത്രി എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ റോഡിന്റെ അരികിലേക്ക് ഒതുങ്ങുന്ന ഇരുചക്ര വാഹനങ്ങൾ പെട്ടെന്ന് മറിയുകയാണ്. ചെറുവാഹനങ്ങളുടെ അടിയിടിച്ച് വാഹനങ്ങൾക്കു തകരാർ ഉണ്ടാകുന്നു. അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ദേശീയപാത വിഭാഗം പറയുന്നു
റോഡിന്റെ അരികിലെ ഉയരവ്യത്യാസം മാറ്റണമെങ്കിൽ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയോ മണ്ണ് ഇടുകയോ വേണമെന്നും ഇതിനുള്ള അനുമതി പദ്ധതിയിൽ ഇല്ലെന്നും ദേശീയപാത വിഭാഗം പറയുന്നു. റോഡിന്റെ ഓട വൃത്തിയാക്കുമ്പോൾ ഉയരവ്യത്യാസം കൂടുതലുള്ള ഭാഗങ്ങളിൽ മണ്ണ് ഇടാനുള്ള സംവിധാനം ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ റോഡരികിൽ ഇടുന്ന മണ്ണ് ഒറ്റ മഴയിൽ ഒഴുകിപ്പോകുമെന്ന് നാട്ടുകാർ പറയുന്നു.