കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്; അണപൊട്ടി പ്രതിഷേധം

Mail This Article
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി
കോട്ടയം ∙ ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥികളെ അതിക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളജിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാരെ നേരിടാൻ പൊലീസിനു പലതവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് പിജി ഹോസ്റ്റൽ കെട്ടിടത്തിന്റെ പിറകിലൂടെ ചാടിക്കയറിയ പ്രവർത്തകർ കോളജിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഏറെനേരം പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ചെന്നിത്തല പോയ ശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം ആരംഭിച്ചത്. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കല്ലും ചെരിപ്പുകളും കമ്പും എടുത്തെറിഞ്ഞു. ഇതിനിടെയാണു യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ നാലു പ്രവർത്തകർ ഹോസ്റ്റൽ കെട്ടിടം വഴി കോളജ് കോംപൗണ്ടിലേക്കു ചാടിക്കടന്നത്. തുടർന്ന് പ്രവർത്തകർ കോളജിന്റെ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചു. പൊലീസ് എത്തിയതോടെ ഇവർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കൂടുതൽ പ്രവർത്തകർ എത്തിയതോടെ ഇവരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം. ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, കുഞ്ഞില്ലമ്പള്ളി, ജി. ഗോപകുമാർ, ജെയ്ജി പാലയ്ക്കലോടി, നിബു ഷൗക്കത്ത്, ഷാൻ ടി. ജോൺ, റെജി എം. ഫിലിപ്പോസ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ജോർജ് പയസ്, അനൂപ് അബൂബക്കർ, കെ.കെ. കൃഷ്ണകുമാർ, ഷാൻ ടി. ജോൺ, രാഷ്മോൻ മാത്യു, അർജുൻ രമേശ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപി ഉപവാസം ഇന്ന്
കോട്ടയം ∙ റാഗിങ്ങിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഉപവാസം നടത്തും. 9 മുതൽ 5 വരെ ഗവ. നഴ്സിങ് കോളജിനു സമീപമാണ് ഉപവാസം. കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് ഉപവാസം.
ചാണ്ടി ഉമ്മന്റെ ഉപവാസസമരം ഇന്ന്
കോട്ടയം ∙ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക, എസ്എഫ്ഐയുടെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി ചാണ്ടി ഉമ്മൻ എംഎൽഎ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തിരുനക്കര ഗാന്ധി സ്ക്വയറിൽ ഉപവാസസമരം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും.
പ്രൊഡക്‌ഷൻ വാറന്റ് നാളെ ഹാജരാക്കും
കോട്ടയം ∙ ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ അതിക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നാളെ പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ റാഗിങ്ങിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പട്ടികജാതി – വർഗ വിഭാഗത്തിലുള്ളവർക്കുള്ള ജനറൽ നഴ്സിങ് മൂന്നു വർഷ കോഴ്സിലെ വിദ്യാർഥികളാണു റാഗിങ് നേരിട്ടവരും പ്രതികളും. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ സ്വദേശി കെ.പി.രാഹുൽരാജ് ഉൾപ്പെടെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായത്.

എബിവിപി മാർച്ച് വഴിയിൽ തടഞ്ഞ് പൊലീസ്
കോട്ടയം ∙ റാഗിങ്ങിൽ പ്രതിഷേധിച്ച് എബിവിപി ജില്ലാ കമ്മിറ്റി കോളജിലേക്കു നടത്തിയ മാർച്ച് ബസ് സ്റ്റാൻഡിനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർക്ക് മെഡിക്കൽ കോളജ് ക്യാംപസിലേക്കു പ്രവേശിക്കാനായില്ല. തുടർന്ന് അത്യാഹിത വിഭാഗത്തിനു സമീപത്തെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഗോകുൽ, ജെ.അശ്വതി, അപർണ രാകേഷ്, ടി. പാർവതി, ശ്രീഹരി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന പാതയായതിനാൽ പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. ആംബുലൻസുകൾക്കു തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു ഉപരോധ സമരം. പത്ത് പേർക്കെതിരെ കേസെടുത്തു.