എംസി റോഡ് നവീകരണം ചങ്ങനാശേരിയിലേക്ക്; ചെലവ് 39 കോടി രൂപ, വരുമോ ആറ് വരി ?

Mail This Article
ചങ്ങനാശേരി ∙ എംസി റോഡ് നവീകരണം ചങ്ങനാശേരിയിലേക്ക് എത്തുന്നു. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള എംസി റോഡിന്റെ കോട്ടയം മുതൽ ചെങ്ങന്നൂർ വരെയുള്ള 36 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. കോട്ടയം ഐഡ ജംക്‌ഷനിൽ നിന്നാണ് ആരംഭിച്ചത്. ഇപ്പോൾ കുറിച്ചി ഔട്പോസ്റ്റ് ജംക്‌ഷൻ, കാലായിപ്പടി ഭാഗത്താണ് നവീകരണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാത്രിയിലും പുലർച്ചെയുമാണ് ടാറിങ് ജോലികൾ നടത്തുന്നത്. 39 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
റോഡിന്റെ ഉപരിതലത്തിൽ ബിസി നിലവാരത്തിലാണ് ടാറിങ്. നവീകരണത്തിൽ റോഡിന് വീതി കൂട്ടില്ല. പാലത്തിനോട് ചേർന്നുള്ള താഴ്ന്ന് പോയ സമീപനപാതകൾ ഉയർത്തി ടാറിങ് നടത്തുന്നുണ്ട്. എംസി റോഡ് നവീകരണത്തിനായി രണ്ട് വർഷം മുൻപ് തുക അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടു പോകുകയായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ചങ്ങനാശേരി നഗരത്തിലെയും സമീപത്തെയും നടപ്പാത അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ നടപ്പാതകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയില്ലെന്നും വീണ്ടും തകരാറിലാണെന്നും ആക്ഷേപമുണ്ട്.
വരുമോ ആറ് വരി ?
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന പാതയായ എംസി റോഡിനെ ആറ് വരിയാക്കുമെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനവും നിലവിലുണ്ട്. 2024 നവംബറിലായിരുന്നു പ്രഖ്യാപനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നതെന്നും പദ്ധതിക്ക് തത്വത്തിൽ ഭരണാനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പദ്ധതിയെ സംബന്ധിച്ച ബാക്കി നടപടികളോ പുരോഗതിയോ അധികൃതർ വ്യക്തമാക്കുന്നില്ല.