വാഴച്ചുണ്ട് മുതൽ ചക്കക്കുരു വരെ നേരങ്ങാടിയിൽ ന്യായവിലയ്ക്ക്

Mail This Article
കറുകച്ചാൽ ∙ ആഴ്ചയിൽ ഒന്നര ലക്ഷം രൂപയുടെ വിറ്റുവരവോടെ കറുകച്ചാലിലെ നേരങ്ങാടിയിൽ സമൃദ്ധിയുടെ വിളവെടുപ്പ്. കാർഷിക ഉൽപന്നങ്ങൾ ന്യായമായി വിലയിൽ വിറ്റഴിക്കുന്നതിനു വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2018 തുടങ്ങിയ നേരങ്ങാടി ആഴ്ച ചന്ത കാർഷിക ഉൽപന്ന വിപണന രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ശനിയാഴ്ച ദിവസമാണ് നേരങ്ങാടിയിൽ കാർഷിക വിഭവങ്ങൾ ലേലം ചെയ്യുന്നത്. രാവിലെ 7 മുതൽ എത്തിക്കുന്ന ഉൽപന്നങ്ങൾ തൂക്കം തിട്ടപ്പെടുത്തി വില നിശ്ചയിക്കും. തുടർന്ന് 10 മണിയോടെ ലേലത്തിൽ വയ്ക്കും. മികച്ച ഉൽപന്നങ്ങൾ മോഹവിലയിൽ പോകും.
നേരങ്ങാടി വിപണിയിൽ നിന്ന് ലേലം വിളിച്ച് വീട്ടാവശ്യങ്ങൾക്കും കച്ചവടത്തിനും സാധനങ്ങൾ വാങ്ങുന്നവരുണ്ട്. വാഴച്ചുണ്ട് മുതൽ ചക്കക്കുരു വരെ ന്യായവിലയ്ക്ക് വിറ്റഴിക്കാൻ കർഷകർക്ക് കഴിയുന്നു. പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ ജേക്കബ് മാത്യു എന്നിവരടങ്ങുന്ന 20 അംഗ കമ്മിറ്റിയും കൃഷിഭവനും ചേർന്നാണ് നേരങ്ങാടി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രവർത്തന ലാഭം ഉപയോഗിച്ച് എക്കോ ഷോപ്പ് നടത്തുന്നുണ്ട്. ഒപ്പം വർഷത്തിൽ കർഷകർക്കായി പഠന യാത്രകളും നടത്തുന്നു.