ADVERTISEMENT

കോട്ടയം ∙ രാഷ്ട്രപിതാവ് കോട്ടയത്തു വന്നതിന്റെ ശതാബ്ദിനിറവിൽ, തിരുനക്കരയിൽ മഹാത്മജിയുടെ പൂർണകായപ്രതിമ സാക്ഷിയാക്കി കുട്ടികൾ ലഹരിക്കും അക്രമത്തിനുമെതിരെ നല്ലപാഠം പ്രതിജ്ഞ ചൊല്ലി. മഹാത്മാഗാന്ധിയുടെ  പേരിലുള്ള എംജി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

‘നിങ്ങൾ മനുഷ്യനായതുകൊണ്ടു മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണു വലിയവനാകുന്നത്’ എന്ന മഹാത്മാവിന്റെ വചനം കൊത്തിയ പ്രതിമയ്ക്കു കീഴെ നിന്നു ചൊല്ലിയ പ്രതിജ്ഞ സമൂഹത്തിനു മറ്റൊരു നല്ല പാഠമായി. ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജെ.തോമസ് ലഹരിക്കെതിരെ കുട്ടികൾക്കു ബോധവൽക്കരണ സന്ദേശം നൽകി കോട്ടയത്തെ ഡ്രഗ് ഫ്രീ ജില്ലയാക്കണമെന്ന് ഉദ്ബോധിപ്പിച്ചു. 

ലഹരിക്കെതിരെ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നല്ലപാഠം പ്രതിജ്ഞ ചൊല്ലിയതിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണു തിരുനക്കര ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രതിജ്ഞയെടുത്തത്.നഗരഹൃദയത്തിൽ നടന്ന വ്യത്യസ്ത പരിപാടി കണ്ട ചിലരും അതിൽ പങ്കുചേർന്നുകൊണ്ടു പറഞ്ഞു: ‘‘തലമുറകളെ നശിപ്പിക്കുന്ന, നാടിനും വീടിനും ആപത്തായ, ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ചു പോരാടണം’’.

പ്രതിജ്ഞയെടുക്കൽ ചടങ്ങിൽ കോട്ടയം ഹോളിഫാമിലി എച്ച്എസ്എസ്, ബേക്കർ മെമ്മോറിയൽ എൽപിഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ലഹരിമരുന്നുകൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി നൽകുന്നതിനു പൊലീസിനു വാട്സാപ് നമ്പറുണ്ട്. അതിൽ സന്ദേശം കൈമാറുന്നവരുടെ നമ്പർ ആർക്കും അറിയാൻ കഴിയാത്ത വിധമാണു ക്രമീകരിച്ചിരിക്കുന്നത്. ഇതിലേക്കു വിവരങ്ങൾ നൽകി ജില്ലയെ ലഹരിവിമുക്തമാക്കണം. വാട്സാപ് നമ്പർ: 9995966666. എ.ജെ.തോമസ് (ഡിവൈഎസ്‌പി)

കുട്ടികളുടെ പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണം.അതിലൊന്നും ശ്രദ്ധിക്കാതെ ഉഴപ്പിനടക്കുന്നവരാണു കൂടുതൽ പ്രശ്നക്കാർ. ഇപ്പോൾ എന്ത് എഴുതിയാലും പരീക്ഷ ജയിക്കുന്ന അവസ്ഥയാണ്. നല്ലവണ്ണം പഠിച്ചാലേ ജയിക്കൂ എന്നു വരണം.മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം അനുകരിക്കുന്നതൊക്കെ കൊള്ളാം. എന്നാൽ, അവിടത്തെ പൊതുസമൂഹം കുറെക്കൂടിനിയമബോധമുള്ളവരാണെന്നു മനസ്സിലാക്കണം.നിയമങ്ങൾ കർശനമായ രാജ്യങ്ങളിൽ വിദ്യാലയങ്ങളിൽ അത്ര കാർക്കശ്യം ആവശ്യമില്ല. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ട് അധ്യാപകരും രക്ഷിതാക്കളുമെല്ലാം കുറെക്കൂടി കർശനമായി ഇടപെടണം.

ഇപ്പോഴത്തെ ലോകത്തിന് ആഴമുള്ളത് ഒന്നും വേണ്ട! ആഴമുള്ളിടത്തു മാത്രമേ മനുഷ്യർക്ക് ഉറച്ചുനിൽക്കാനാകൂ. അല്ലാത്തപ്പോൾ പറന്നുനടക്കാൻ തുടങ്ങും. അവിടെ ലഹരിയുണ്ടാകും. മനുഷ്യരിൽ പരസ്പരം വിശ്വാസം ഉണ്ടാകുമ്പോഴേ ഈ വ്യവസ്ഥിതിക്കു മാറ്റം വരൂ. സിനിമയെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ല. സമൂഹം ആവശ്യപ്പെടുന്ന സിനിമയാണ് ഉണ്ടാകുന്നത്. സിനിമയിലെ അക്രമം അനുകരിക്കുന്നത് അവർക്കു മറ്റൊന്നും അനുകരിക്കാൻ ഇല്ലാത്തതുകൊണ്ടാണ്. അവർക്കു മറ്റൊരു മാതൃകയോ നന്മയോ കാണിച്ചുകൊടുക്കാൻ നമുക്കില്ലാത്തതുകൊണ്ടാണ്. കുറെക്കൂടികാർക്കശ്യം ആകാം

 ലഹരിവിരുദ്ധ പ്രതി‍ജ്ഞ പുണ്യം
ഏതു പ്രതിജ്ഞയും അദൃശ്യമായ ദൈവസാന്നിധ്യത്തിനു മുൻപിലുള്ള നമ്മുടെ ആത്മപ്രണാമമാണ്. ഏതെങ്കിലും കൃത്യമായ ലക്ഷ്യം മനസ്സിൽക്കണ്ട് അതിന്റെ സാക്ഷാൽക്കാരത്തിനായി ശരീരവും ബുദ്ധിയും മനസ്സും പ്രയത്നവും ചേർത്തു പഞ്ചഭൂതങ്ങളെ സാക്ഷിനിർത്തി നാം നമ്മോടു ചെയ്യുന്ന സമർപ്പണവുമാണ്. കാലത്തെയും ലോകത്തെയും സർവനാശത്തിലേക്കു നയിക്കുന്ന ഏതുതരം ലഹരിക്കെതിരെയും നാം സ്വീകരിക്കുന്ന പ്രതി‍ജ്ഞയെക്കാൾ ഇപ്പോൾ നമുക്കു ചെയ്യാൻ മറ്റൊരു പുണ്യമില്ല

 

സമൂഹത്തിൽനിന്ന് ലഹരി  നീക്കംചെയ്യണം
സഹോദരങ്ങളെയും മാതാപിതാക്കളെയും പരിസ്ഥിതിയെയും സ്നേഹിച്ചു വളരുന്നവരാകണം കുട്ടികൾ. ആ സ്നേഹമാണു ദൈവം എന്നാണു പഠിപ്പിക്കുന്നത്. മനസ്സിന്റെ നിയന്ത്രണം തലച്ചോറിനാണ്. ലഹരി ഉപയോഗിച്ചു തലച്ചോർ നശിച്ചാൽ സ്നേഹമില്ലാതാകും. പരിസ്ഥിതി നശിക്കും. സമൂഹം നശിക്കും സമൂഹത്തിൽ നിന്നു ലഹരി നീക്കംചെയ്യണം. മഹാത്മാഗാന്ധി കോട്ടയത്ത് എത്തിയതിന്റെ ശതാബ്ദി ആഘോഷം നടക്കുന്ന സമയത്തു ലഹരിക്കും അക്രമത്തിനുമെതിരെ ഇത്തരമൊരു പോരാട്ടം മലയാള മനോരമ നടത്തുന്നതു മാതൃകാപരമാണ്.

ലഹരിക്കെതിരായ  പാഠങ്ങൾ  ഉൾപ്പെടുത്തണം
എനിക്കു വളരെ സന്തോഷമുണ്ട്. മനോരമയുടെ ഈ പ്രവർത്തനം വളരെ നല്ലതാണ്. ലഹരിക്ക് എതിരായി സ്കൂളിലെ കുട്ടികൾക്കു വേണ്ടി ചെയ്യുന്ന നല്ല പ്രവർത്തനത്തെ അഭിനന്ദിക്കുകയാണ്. 
നമ്മുടെ സ്കൂൾ സിലബസിൽ ലഹരിക്കെതിരെ ശക്തമായ പാഠങ്ങൾ വേണം. യൂറോപ്പിലൊക്കെ സിലബസിൽ പ്രത്യേക പ്രോഗ്രാം ഉണ്ട്. അതു കുട്ടികളെ നിർബന്ധമായും പഠിപ്പിക്കും. യുഎസിലും ലഹരിക്കെതിരെ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിൽ ഇത്തരം പാഠങ്ങൾ നിർബന്ധമാക്കണം. 

English Summary:

Kottayam children pledged against drugs and violence during Mahatma Gandhi's centenary celebrations. The event, part of the 'Nalla Patham' initiative, emphasized community action against drug abuse and underscored Gandhi's message of humanity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com