ലഹരി കേസ്: കുട്ടികൾക്ക് ക്ലാസ് നൽകി കോട്ടയം ജില്ലാ പൊലീസ്
Mail This Article
കോട്ടയം ∙ ലഹരി കേസുകളിൽപെട്ടവർക്കു മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ക്ലാസ് നൽകി കോട്ടയം ജില്ലാ പൊലീസ്. 18 മുതൽ 40 വരെ വയസ്സുള്ളവരെയാണു ക്ലാസിന് എത്തിച്ചത്. പ്രതികളായ 300 പേർ ക്ലാസിനെത്തി. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്താണു നർകോട്ടിക് സെൽ പദ്ധതി നടപ്പാക്കിയത്. പതിവായി ലഹരി ഉപയോഗിക്കുന്നതുകൊണ്ടു സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന ക്ലാസുകളാണു പൊലീസ് നൽകുന്നത്.
ലഹരി ഉപയോഗത്തിലൂടെ ആരോഗ്യത്തിലുണ്ടാകുന്ന മാറ്റത്തെയും രോഗസാധ്യതകളെയും കുറിച്ചു വിദഗ്ധരുടെ ക്ലാസും ക്രമീകരിച്ചിട്ടുണ്ട്. ലഹരി കേസുകളിൽ പ്രതിയായതും ലഹരി ഉപയോഗിക്കുന്നതും കാരണം സ്വന്തം മക്കൾക്കും കുടുംബത്തിനും സമൂഹത്തിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടും അപമാനവും ക്ലാസുകളിൽ നിന്നു കുടുംബത്തോടൊപ്പമിരുന്നു മനസ്സിലാക്കിയപ്പോൾ പലരും ലഹരി ഉപേക്ഷിച്ചു സാധാരണ ജീവിതം നയിക്കുന്നതിനു പൊലീസിന്റെ സഹായം തേടി. ഇവർക്കെല്ലാം നർകോട്ടിക് സെൽ ഘട്ടങ്ങളായി കൗൺസലിങ് നൽകും.
കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ജോലി നേടുന്നതിനും കേസുകളിൽ പ്രതികളായവർ പൊലീസിനെ താൽപര്യം അറിയിച്ചു. കൗൺസലിങ്ങിനും നിരീക്ഷണത്തിനും ശേഷം ഇവർക്കു ജീവിതത്തിലേക്കു തിരികെ എത്തുന്നതിനു അടിസ്ഥാനസൗകര്യം ഒരുക്കിനൽകാനും പൊലീസിനു പദ്ധതിയുണ്ട്. ജില്ലയിൽ വൈക്കം, ചങ്ങനാശേരി, കോട്ടയം സബ് ഡിവിഷനുകളിൽ ആദ്യഘട്ട ക്ലാസുകൾ കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദാണ് ഇത്തരമൊരു ആശയത്തിനു രൂപം നൽകിയത്. കൗൺസലിങ്ങിനു നർകോട്ടിക് സെൽ ഡിവൈഎസ്‌പി എം.ജെ.തോമസാണു നേതൃത്വം നൽകുന്നത്.