റോഡ് മുറിച്ച് പൈപ് ലൈൻ സ്ഥാപിക്കും; നാട്ടകം ജലപദ്ധതി യാഥാർഥ്യമാകും

Mail This Article
കോട്ടയം ∙ നാട്ടകം ശുദ്ധജല പദ്ധതിക്ക് പുതുജീവൻ. റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി. ദേശീയപാതയിൽ റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതോടെയാണു പദ്ധതി പ്രതിസന്ധിയിലായത്. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രതിനിധിസംഘം കോട്ടയത്ത് എത്തിയിരുന്നു.
നാഷനൽ ഹൈവേ വിഭാഗം പൈപ്പുകൾ സ്ഥാപിക്കേണ്ട റോഡുകൾ പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ജനകീയ കർമ സമിതിയും നാട്ടകം പദ്ധതി യാഥാർഥ്യമാക്കാൻ സമരത്തിലായിരുന്നു.പദ്ധതി പൂർത്തിയാക്കാൻ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 28 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കണം. ഈ തുക അനുവദിച്ച് വേഗം പദ്ധതി പൂർത്തിയാക്കാൻ അധികൃതയോഗം വിളിക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിനു നൽകിയ നിവേദനത്തിൽ ഫ്രാൻസിസ് ജോർജ് എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ആവശ്യപ്പെട്ടു.
കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെ 15 വാർഡുകളിലെ 6,000 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുൻകൈ എടുത്ത് 2016 ൽ ആരംഭിച്ചതാണ് പദ്ധതി. കിഫ്ബി വഴിയുള്ള 21 കോടി രൂപയായിരുന്നു ചെലവ്.
ആദ്യഘട്ടത്തിൽ 12 കോടി ചെലവിൽ വെള്ളൂപ്പറമ്പ് പമ്പിങ് മുതൽ സംസ്ഥാന ജില്ലാ റോഡുകളുടെ അതിർത്തിവരെ പൈപ്പുകൾ സ്ഥാപിച്ചു. മറിയപ്പള്ളിയിലെ ഓവർഹെഡ് ടാങ്കിന്റെ ക്ഷമത 7 ലക്ഷത്തിൽ നിന്നു 13 ലക്ഷം ലീറ്ററായി ഉയർത്തിയിരുന്നു. എന്നാൽ ദേശീയപാത മുറിച്ച് പൈപ്പ് സ്ഥാപിക്കേണ്ട കലക്ടറേറ്റ്, കഞ്ഞിക്കുഴി, മണിപ്പുഴ, മറിയപ്പള്ളി ഭാഗങ്ങളിൽ അനുമതി ലഭിച്ചില്ല. ഇതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.