എംസി റോഡ് നവീകരണം: വഴിവിളക്കുകളും സ്ഥാപിക്കും; കെൽട്രോൺ റിപ്പോർട്ട് തയാറാക്കി

Mail This Article
ചങ്ങനാശേരി ∙ എംസി റോഡ് നവീകരണത്തിന് പിന്നാലെ റോഡിൽ വഴിവിളക്കുകളും സ്ഥാപിക്കുമെന്ന് ദേശീയപാത അതോറിറ്റി. വഴിവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി കെൽട്രോണിനെ സമീപിച്ചു. കെൽട്രോൺ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. റിപ്പോർട്ട് അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഇത് ലഭിച്ചതിനു ശേഷമാകും മറ്റ് നടപടികൾ.
എംസി റോഡിൽ കോട്ടയം ഐഡ ജംക്‌ഷൻ മുതൽ ചെങ്ങന്നൂർ വരയുള്ള 36 കിലോമീറ്റർ ദൂരത്തെ റോഡ് നവീകരണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഉപരിതലത്തിൽ ബിസി നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. നിലവിൽ കെഎസ്‌ടിപിഎയുടെ പ്രവർത്തനരഹിതമായ സോളർ വഴിവിളക്കുകളാണ് എംസി റോഡരികിലുള്ളത്.
വർഷങ്ങളായി ഈ വഴിവിളക്കുകൾ തെളിയുന്നില്ല. ഭൂരിഭാഗം സോളർ ലൈറ്റുകളുടെയും ബാറ്ററി മോഷണം പോയി. പോസ്റ്റുകൾ പലതും തുരുമ്പെടുത്ത് റോഡിൽ ഒടിഞ്ഞു വീണു. പിന്നീട് തദ്ദേശസ്ഥാപനങ്ങൾ വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച ചെറിയ ലൈറ്റുകളാണ് റോഡിൽ വെളിച്ചത്തിനായുള്ളത്. തുരുത്തി, കുറിച്ചി, പുത്തൻപാലം, ചിങ്ങവനം ഭാഗങ്ങളിലാകട്ടെ ഈ വെളിച്ചവുമില്ല. വഴിവിളക്കില്ലാത്തതിനാൽ രാത്രി ഈ മേഖലകളിൽ വാഹനാപകടവും പതിവാണ്.
റോഡ് നവീകരണം പൂർത്തിയായ ഭാഗങ്ങളിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇരുട്ടത്ത് റോഡ് കുറുകെ കടക്കുന്ന കാൽനടയാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നതെന്ന് പൊലീസും പറയുന്നു. വഴിവിളക്കുകൾ എത്തിയാൽ അപകടം കുറയുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് നിന്നാരംഭിച്ച എംസി റോഡ് നവീകരണം ഇപ്പോൾ ചങ്ങനാശേരി ഭാഗത്തേക്ക് കടന്നു. റോഡിലെ സുരക്ഷാ മാർക്കിങ്ങുകളും ഉടനെ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.