വൈക്കം വിശ്വനും കെ.ജെ.തോമസിനും പടിയിറക്കം; പിന്നിട്ടത് സമരഭരിതകാലം

Mail This Article
കോട്ടയം ∙ സിപിഎമ്മിന്റെ കരുതൽ എന്നും ലഭിച്ച നേതാക്കളാണ് വൈക്കം വിശ്വനും കെ.ജെ.തോമസും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കിയപ്പോൾ, കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ജെ.തോമസും ഒഴിവാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇരുവരെയും പ്രത്യേക ക്ഷണിതാക്കളാക്കി. കൊല്ലം സമ്മേളനത്തിൽ ഇരുവരും പൂർണമായും ഒഴിവായി.വൈക്കം വിശ്വന് ഇപ്പോൾ പ്രായം 85. കെ.ജെ.തോമസിന് 80.ഇരുനേതാക്കളും സംഘടനാ പ്രവർത്തനത്തിൽ ഏറെ സാമ്യമുള്ളവരാണ്. ഇരുവരും ഒരുവട്ടം മാത്രം എംഎൽഎമാരായി. പിന്നെ പൂർണമായും പാർട്ടിപ്രവർത്തനങ്ങളിൽ മുഴുകി.
വൈക്കം വിശ്വൻ 1978ലാണ് സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. 13 വർഷം എൽഡിഎഫ് കൺവീനറായി പ്രവർത്തിച്ചു. 1980ൽ ഏറ്റുമാനൂരിൽനിന്ന് എംഎൽഎയായി. ട്രേഡ് യൂണിയൻരംഗത്തെ ദീർഘകാല പരിചയമുണ്ട് കെ.ജെ. തോമസിന്. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1987ൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് എംഎൽഎയായി. 6 വർഷം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റി അംഗമായും ദേശാഭിമാനി ജനറൽ മാനേജരായും പ്രവർത്തിച്ചു.
പാർട്ടി തീരുമാനങ്ങളോട് ഒരിക്കൽപോലും മറുവാക്കു പറഞ്ഞിട്ടില്ല,ഇരുവരും. 12-ാം വയസ്സിൽ എഐഎസ്എഫിലും പിന്നീട് കെഎസ്എഫിലും പ്രവർത്തിച്ചാണ് വിശ്വൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1972ൽ സിപിഎം-സിപിഐ സംഘട്ടനത്തിൽ മർദനമേറ്റ വൈക്കം വിശ്വൻ മരിച്ചെന്നു കരുതിയ എതിരാളികൾ ‘ഈ ആത്മാവിനു കൂട്ടായിരിക്കട്ടെ’ എന്നു പറഞ്ഞ് നെഞ്ചത്ത് കല്ലുവച്ചിട്ടു പോയതാണ്. തലയോലപ്പറമ്പുകാരനായ പി.വിശ്വനാഥൻ നായർ വൈക്കം വിശ്വനായി അറിയപ്പെട്ടു. കോട്ടയം കുടയംപടിയിൽ സ്ഥിരം താമസമായെങ്കിലും പേരിനു മുന്നിലെ ‘വൈക്കം’ വിശ്വൻ മാറ്റിയില്ല. ബന്ധു കൂടിയായ കോൺഗ്രസ് നേതാവ് എം.പി.ഗോവിന്ദൻനായർക്കെതിരെ പ്രസംഗിക്കാനാണു തലയോലപ്പറമ്പിലെ കൊച്ചുവിശ്വനെ പാർട്ടി കോട്ടയത്ത് കൊണ്ടുവന്നത്. കെ.വിശ്വനാഥൻ, സി.കെ.വിശ്വനാഥൻ തുടങ്ങിയ പ്രഗത്ഭർ വൈക്കത്തുണ്ട്. അതുകൊണ്ടു വൈക്കം വിശ്വനെന്ന പേര് പാർട്ടിയും ഉറപ്പിച്ചു. റിട്ട. കോളജ് അധ്യാപിക ഗീതയാണു ഭാര്യ. മക്കൾ: നവീൻ, നിഷ.
കർക്കശ പാർട്ടി ലൈനിൽ നിൽക്കുമ്പോഴും സൗമ്യമായ ജനകീയ മുഖമാണ് കെ.ജെ.തോമസിന്റേത്. മധ്യതിരുവിതാംകൂറിലെ സിറോ മലബാർ കത്തോലിക്കാ വിഭാഗത്തിൽനിന്നു തോമസ് നേതൃനിരയിലെത്തിയതു പാർട്ടിക്ക് ഗുണം ചെയ്തു. 10 വർഷം ജില്ലാ സെക്രട്ടറിയായിരുന്ന തോമസ് സംസ്‌ഥാന കമ്മിറ്റിയിലും 10 വർഷം അംഗമായി.കോട്ടയത്തുനിന്നു സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയത് 3 നേതാക്കളാണ്. വൈക്കം വിശ്വൻ, കെ.ജെ.തോമസ്, വി.എൻ.വാസവൻ എന്നിവർ. കോട്ടയം രാഷ്ട്രീയതട്ടകമാക്കിയ ടി.കെ.രാമകൃഷ്ണനും സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായിരുന്നു. യുവജനപ്രസ്‌ഥാനത്തിലൂടെയാണ് കെ.ജെ.തോമസിന്റെ പാർട്ടി പ്രവേശനം. പ്ലാന്റേഷൻ തൊഴിലാളി രംഗത്തും പ്രവർത്തിച്ചു. ലില്ലിക്കുട്ടിയാണ് ഭാര്യ. മൂന്നു പെൺമക്കൾ: മഞ്ചുറാണി, കൊച്ചുറാണി, കൊച്ചുവാവ.