സിഎംഎസ് കോളജിൽ അലങ്കാര മത്സ്യങ്ങളുടെ ശേഖരവും വിൽപനയും; നീല വാക വരാൽ മുതൽ ഗപ്പി വരെ വാങ്ങാം

Mail This Article
കോട്ടയം ∙ പ്രജനനകാലത്തു നിറം മാറുന്ന നീല വാക വരാൽ മുതൽ ഗപ്പി ഇനങ്ങളുടെ വ്യത്യസ്ത ശേഖരം വരെ കാണാം സിഎംഎസ് കോളജ് സുവോളജി വിഭാഗം ലാബിലെത്തിയാൽ. പഠനത്തോടൊപ്പം ഗപ്പി വളർത്തി വിൽപന, കൂടാതെ ഗവേഷണവും. സിഎംഎസ് കോളജ് സുവോളജി വിഭാഗത്തിലെ വിദ്യാർഥികളാണ് പഠനത്തോടൊപ്പം വേറിട്ട രീതിയിൽ വരുമാനം കണ്ടെത്തുന്നത്.
സുവോളജി വിഭാഗത്തിന്റെ ഗവേഷണങ്ങളുടെ ഭാഗമായി രൂപം കൊടുത്തിരിക്കുന്ന സ്ഥലത്താണ് ഗപ്പി അടക്കമുള്ള കുഞ്ഞൻ മീനുകളുടെ വളർത്തൽ. ഗോൾഡ് ഫിഷ്, ജയന്ത് ഗൗരാമി, എയ്ഞ്ചൽ ഫിഷ്, റെഡ് സ്‌വോർഡ്, ഫൈറ്റർ ഫിഷ്, ടെട്രാ ഫിഷ് എന്നിവയണുള്ളത്. വിദ്യാർഥികൾ ഗവേഷണത്തിന്റെ ഭാഗമായി തയാറാക്കുന്ന തീറ്റകളാണ് മത്സ്യങ്ങൾക്കു നൽകുന്നത്. സുവോളജി വിഭാഗം അധ്യാപകരായ ഡോ. എസ്. പുഷ്പഗീത, ഡോ. ജോബിൻ മാത്യു, വിദ്യാർഥികളായ മെൽവിൻ പി. പ്രിനോ, ആദിത്യൻ ബാബു, ഫെബിൻ എം. ജോജു എന്നിവരാണ് അലങ്കാര മത്സ്യക്കൃഷിയുടെ മേൽനോട്ടത്തിനുള്ളത്.
ക്രിത്രിമ മാർഗത്തിലുടെ രൂപം നൽകുന്ന പ്ലവകങ്ങൾ തീറ്റയായി നൽകുന്നുണ്ട്. ഇതിലൂടെ അലങ്കാര മത്സ്യങ്ങളുടെ നിറം വർധിക്കുമെന്നു വിദ്യാർഥികൾ പറയുന്നു. കോളജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പുറത്തുള്ള അക്വേറിയങ്ങളിലേക്കും അലങ്കാര മത്സ്യങ്ങളെ വിൽക്കുന്നുണ്ട്. ലഭിക്കുന്ന വരുമാനത്തിൽ ഒരു പങ്കും കോളജിലെ വലിയ അക്വേറിയത്തിന്റെ പരിപാലത്തിനായി ഒരു നിശ്ചിത വേതനവും വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്.