കൃത്രിമ ജലക്ഷാമം സൃഷ്ടിക്കാൻ നീക്കം; അതിക്രമിച്ചു കയറി ചെക്ക് ഡാം തുറന്നു

Mail This Article
മുണ്ടക്കയം ∙ വരൾച്ചയിൽ ഇൗ ചതി ചെയ്യുന്നത് ആരാണ്. ടാങ്കറിൽ വെള്ളം വിൽപന നടത്തുന്നവരോ.. ? സാമൂഹിക വിരുദ്ധരോ.. ? മീൻ പിടിക്കുന്ന ആളുകളോ ..? മണിമലയാറ്റിലെ ജലവിതരണ പദ്ധതിയുടെ പ്രധാന സ്രോതസ്സായ ചെക്ക് ഡാമിന്റെ ഷട്ടർ അഞ്ചാം തവണയും തുറന്നു വിട്ടതോടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും തുടരുകയാണ്. തിങ്കളാഴ്ച രാത്രി ഡാമിന്റെ പലകകളും മണൽ ചാക്കും നിറച്ച ഒരു ഷട്ടർ ആരോ തുറന്നു വിട്ടു. പുലർച്ചെ തന്നെ വിവരം അറിഞ്ഞതോടെ അധികൃതർ എത്തി ഷട്ടർ വീണ്ടും അടച്ചതിനാൽ അധികം ജലം പാഴായി പോയില്ല. ഇതിന് മുൻപ് നാല് തവണ ഷട്ടർ നശിപ്പിച്ച സംഭവം ഉണ്ടായി. പഞ്ചായത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പക്ഷേ, ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ടൗണിൽ ഉൾപ്പെടെ ജലവിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ പമ്പിങ് നടക്കുന്നത് ഇവിടെ നിന്നാണ്. ചെക്ക് ഡാമിലെ വെള്ളം വറ്റിയാൽ ജലവിതരണം നിലയ്ക്കും. പിന്നീട് ടാങ്കറുകളിൽ എത്തുന്ന വെള്ളം ആശ്രയിക്കേണ്ടി വരും അതുകൊണ്ടു തന്നെ വെള്ളം വിൽപന നടത്തുന്ന ആളുകൾ ആണോ ഇതിനു പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. നിലവിലെ സ്ഥിതിയിൽ രണ്ടാഴ്ച കൂടി പമ്പിങ് നടത്താനുള്ള ജലം ഉണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ നിഗമനം.
കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഇതേ രീതിയിൽ ചെക്ക് ഡാമിന്റെ ഷട്ടർ തുറന്ന് വിടുകയും വേനൽ രൂക്ഷമാകും മുൻപെ ചെക്ക് ഡാമിൽ വെള്ളം വറ്റുകയും ചെയ്തിരുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള 500ൽ അധികം കുടുംബങ്ങളും കുളിക്കാനും തുണികൾ കഴുകാനും ചെക്ക് ഡാമിലെ വെള്ളത്തെയാണിവർ ആശ്രയിക്കുന്നത്.
ടൗണിൽ ബൈപാസ് റോഡിനോടു ചേർന്നുള്ള ചെക്ക് ഡാമിന്റെ കെട്ടുകളിൽ രാത്രി സാമൂഹിക വിരുദ്ധ ശല്യവും വ്യാപകമാണ് പൊലീസ് പരിശോധന കർശനമാക്കി. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.