അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: ഒരേ സമയം ‘വില്ലനും നായകനു’മായി പൊലീസ്

Mail This Article
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ തീവണ്ടിക്ക് മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഒരേ സമയം വില്ലന്റെയും നായകന്റെയും വേഷമണിഞ്ഞു പൊലീസ്. കനത്ത പ്രതിഷേധത്തിനിടയിലും ഷൈനിയുടെയും മക്കളുടെയും മൃതശരീരങ്ങൾ തൊടുപുഴയിലെ ഇടവക പള്ളിയിലേക്ക് കൊണ്ടു പോകാനെത്തിയ ഭർത്താവ് നോബിക്കും കൂട്ടർക്കും സംരക്ഷണ വലയം തീർത്ത പൊലീസ് അന്ന് നാട്ടുകാരുടെ മുന്നിൽ ‘വില്ലന്മാരായി’. പൊലീസ് ഭർത്തൃ വീട്ടുകാർക്കൊപ്പമാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ആ സമയത്ത് ഉയർന്നു കേട്ട ആക്ഷേപം. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസ് (44)നെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിനു ശേഷം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഇയാളെ അറ്റസ്റ്റ് ചെയ്യുകയും ചെയ്തതോടെ പൊലീസ് നാട്ടുകാർക്കിടയിൽ ‘ഹീറോ’ ആയി.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, ഇവരുടെ പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെ നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ ഒത്തുചേർത്ത് ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടം നടപടികളും വേഗത്തിലാക്കാൻ മാതൃകാപരമായ ഇടപെടലാണ് പൊലീസ് നടത്തിയത്. കഴിഞ്ഞ 3ന് ആയിരുന്നു മൂവരുടെയും സംസ്കാരം. പാറോലിക്കലിൽ സംസ്കാരം നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഷൈനിയുടെ മകന്റെ അപേക്ഷ പ്രകാരം മൃതദേഹങ്ങൾ തൊടുപുഴയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൃതദേഹം തൊടുപുഴയിലേക്ക് കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന നാട്ടുകാരുടെ പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് പൊലീസ് ഭർത്താവ് നോബിക്കും ബന്ധുക്കൾക്കും സുരക്ഷ ഒരുക്കിയത്. ഇതാണ് നാട്ടുകാർക്കിടയിൽ പൊലീസിനെ വില്ലന്മാരാക്കിയത്.
എന്നാൽ 2 ദിവസങ്ങൾക്ക് ശേഷം ഭർത്താവ് നോബിയെ അകത്താക്കിയ ഏറ്റുമാനൂർ പൊലീസ് നാട്ടുകാരുടെ കയ്യടി നേടി. നോബി ഇപ്പോൾ റിമാൻഡിലാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നോബിയുടെയും മരിച്ച ഷൈനിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ റിപ്പോർട്ട് വന്നാൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കു പിന്നിലെ നിർണായകമായ വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈഎസ്പ് കെ.ജി.അനീഷ് കുമാറും, എറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. ഭർത്താവുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ഷൈനിയെ മക്കളെയും കൂട്ടി ആത്മഹത്യക്ക് പ്രേരിച്ചിച്ചതെന്നും മറ്റ് ഒരു ഇടപെടലും ഉണ്ടായതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.