എംസി റോഡിൽ കോഴാ മുതൽ മോനിപ്പള്ളി വരെ അപകടക്കെണികൾ; വാഹനയാത്ര കഴിഞ്ഞ് എത്തിയോ? രക്ഷപ്പെട്ടു!!

Mail This Article
കുറവിലങ്ങാട് ∙ ആഴ്ചയിൽ നാലും അഞ്ചും വാഹനാപകടങ്ങൾ. ഓരോ മാസവും ഇടിച്ചു തകർക്കുന്നത് ഒട്ടേറെ വൈദ്യുതത്തൂണുകൾ. എംസി റോഡിൽ കോഴാ മുതൽ മോനിപ്പള്ളി വരെയുള്ള അവസ്ഥയാണിത്. ഈ ഭാഗത്തു മിക്ക സ്ഥലത്തും റോഡ് സുരക്ഷാ സംവിധാനങ്ങളില്ല.

കോഴാ ജംക്‌ഷൻ കഴിഞ്ഞാൽ മോനിപ്പള്ളി വരെ നിരപ്പ് റോഡാണ്. ഇതിനാൽ വാഹന ഡ്രൈവർമാർ വേഗം വർധിപ്പിക്കുന്നു. കോഴാ മുതൽ ചീങ്കല്ലേൽ വരെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ തോടുണ്ട്. പക്ഷേ വാഹനങ്ങൾ തോട്ടിൽ വീഴുന്നത് തടയാൻ ക്രാഷ് ബാരിയറില്ല. കോഴാ ബ്ലോക്ക് ഓഫിസിനു സമീപത്തു മുതൽ കുര്യനാട് പുല്ലുവെട്ടം കവല വരെ പല സ്ഥലത്തും വാഹനം നിയന്ത്രണം വിട്ടു വശങ്ങളിലേക്കു മറിയുന്നത് പതിവാണ്. ചില സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
വട്ടംകുഴി വളവ്, കുര്യനാട്,ചീങ്കല്ലേൽ എന്നിവിടങ്ങളിലും അപകടസാധ്യത ഓരോ ദിവസവും വർധിക്കുകയാണ്. മോനിപ്പള്ളി മുക്കട ജംക്‌ഷൻ മറ്റൊരു അപകട മേഖലയാണ്. ഇവിടെ ഉഴവൂർ റോഡിലേക്കു തിരിയുന്നത് എളുപ്പമല്ല. ഉഴവൂർ റോഡിൽ നിന്ന് എംസി റോഡിലേക്കുള്ള പ്രവേശനവും അപകടസാധ്യത നിറഞ്ഞതാണ്.

വാഹനങ്ങൾ മുക്കട ജംക്‌ഷനിൽ തിരിയാനായി എംസി റോഡിലേക്കു കുറച്ചു കയറണം. മോനിപ്പള്ളി ടൗണിൽ കൊള്ളിവളവ് കഴിഞ്ഞു കുത്തനെയുള്ള ഇറക്കത്തിലൂടെ ടൗണിലേക്ക് എത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ല. മാസത്തിൽ നാലും അഞ്ചും അപകടങ്ങൾ ഇവിടെയുണ്ടാകുന്നു. കൂത്താട്ടുകുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഇലഞ്ഞി റോഡിലേക്കു തിരിയുമ്പോഴും അപകടസാധ്യത കൂടുതലാണ്.