‘ഇങ്ങനെ സാധിക്കും’; സെബിന് തണ്ണിമത്തനും ‘സോഫ്റ്റ്‌വെയർ’ പോലെ

Mail This Article
ആറുമാനൂർ ∙ സോഫ്റ്റ്‌വെയർ കമ്പനിയും കൃഷിയും ഒന്നിച്ചു കൊണ്ടുപോകാൻ എങ്ങനെ സാധിക്കും? വിളഞ്ഞ തണ്ണിമത്തൻ ചേർത്ത് പിടിച്ച് പള്ളത്ത് സെബിൻ പി.കുര്യൻ പറയും– ‘‘ഇങ്ങനെ സാധിക്കും’’. ആറുമാനൂർ പാറേക്കാട് കവലയിലെ സെബിന്റെ കുടുംബ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ എത്തിയാൽ ഇത് ബോധ്യമാകും. അഞ്ച് മാസങ്ങൾക്ക് മുൻപ് കാടുപിടിച്ചു കിടന്ന സ്ഥലം ഇപ്പോൾ തണ്ണിമത്തന്റെ വിളനിലമാണ്. കോവിഡ് കാലം മുതൽ തുടങ്ങിയ ചിന്തകൾക്കൊടുവിൽ 2024 ഡിസംബർ 20ന് ആണ് സെബിൻ കൃഷിയിലേക്ക് ഇറങ്ങുന്നത്.
ആറുമാനൂരിലെ തറവാട് വീട്ടിൽ ജാതി, തെങ്ങ് ഒക്കെ കൃഷി ചെയ്തിരുന്നു. കോട്ടയത്തെ സ്വന്തം സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ക്രമീകരിച്ച് ആറുമാനൂരിലെ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി. വെള്ളരി, കുക്കുംബർ, തണ്ണിമത്തൻ എന്നിവയുടെ പരിപാലനത്തെ കുറിച്ച് ഓൺലൈൻ വിഡിയോകൾ നോക്കി വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ തണ്ണിമത്തൻ കൃഷിയിലെത്തി. അഞ്ചേക്കർ സ്ഥലത്തിൽ ഒരേക്കർ സ്ഥലം മണ്ണുമാന്തി ഉപയോഗിച്ചു തെളിച്ചു. യന്ത്രസഹായത്തോടെ മണ്ണ് ഒരുക്കി. തടം വെട്ടി.
200 കിലോ കോഴി വളം, അഞ്ച് ചാക്ക് വേപ്പിൻ പിണ്ണാക്ക്, നൂറുകിലോ കുമ്മായം, 10 കിലോ ഡയക്കോട്ടർമ എന്നിവ ചേർത്തു മിക്സ് ചെയ്ത് തടം ഒരുക്കി. ഓപ്പൺ പ്രിസിഷൻ ഫാമിങ് കൃഷിരീതിയാണ് നടപ്പാക്കിയത്. വെള്ളം സ്പ്രേ ചെയ്യുന്നത് അടക്കം നിരീക്ഷണവും നിയന്ത്രണവും മൊബൈൽ ആപ്പ് വഴിയാക്കി. തണ്ണിമത്തന്റെ 3000 ചെടികൾ നട്ടു. ഇടയ്ക്ക് വന്ന കീടബാധയ്ക്ക് പരിഹാരം തേടി കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ എത്തി. അവിടെ നിന്നുള്ള ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു.
ഫെബ്രുവരി 20ന് ആദ്യത്തെ വിളവെടുപ്പ് നടത്തിയപ്പോൾ മികച്ച ഫലം കിട്ടി. പതിനായിരം കിലോ തണ്ണിമത്തൻ ഇതിനോടകം വിറ്റു കഴിഞ്ഞു. സർക്കാരിന്റെ പിന്തുണ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ എല്ലാ കൃഷിയും വിജയിക്കും. പരമ്പരാഗത കർഷകർക്ക് പരിശീലനം നൽകണം." സെബിൻ പറയുന്നു. അടുത്ത വർഷം അപൂർവമായ പച്ചക്കറികൾ കൃഷിചെയ്ത് കയറ്റി അയയ്ക്കനാണു സെബിന്റെ തീരുമാനം. രണ്ട് ലക്ഷം രൂപയാണ് കൃഷിക്ക് മുടക്കിയത്. ഒരു ലക്ഷം രൂപ സബ്സിഡി ലഭിച്ചതായും സെബിൻ പറഞ്ഞു. എറണാകുളം ഡിഐജി ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സംഗീതയാണ് ഭാര്യ. അലക്സ്, ആൽബർട്ട് എന്നിവരാണ് മക്കൾ.