തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ മോഷണം: പ്രതി അറസ്റ്റിൽ

Mail This Article
തലയോലപ്പറമ്പ് ∙ സെന്റ് ജോർജ് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി. ഇടുക്കി അടിമാലി 200 ഏക്കർ ചക്കിയാങ്കൽ പത്മനാഭ (65)നെയാണ് പിടികൂടിയത്. തൃശൂർ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോനാ പള്ളിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 10ന് ആയിരുന്നു തലയോലപ്പറമ്പിലെ പള്ളിയിൽ മോഷണം നടത്തിയത്. കൈക്കാരന്മാരുടെ മുറിയുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയോളം മോഷ്ടിച്ചു.
പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി 4 കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തു. പള്ളിക്കു മുന്നിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്നു. പള്ളിയിലെ കപ്പേള കുത്തിത്തുറക്കാൻ ശ്രമവും നടത്തി. പ്രതിയെ പള്ളിയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. സെന്റ് ജോർജ് പള്ളിയിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നാണ് പ്രതി പത്മനാഭനാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
മൊബൈൽ ഫോണിന്റെ സിഗ്നൽ പരിശോധിച്ചതിൽ നിന്നു വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് പള്ളി ഭാരവാഹികളോടു മോഷണസാധ്യത പൊലീസ് മുൻകൂട്ടി അറിയിച്ചു. തുടർന്ന് പള്ളിയുടെ മൂന്നു വശവും കാണാവുന്ന തരത്തിലുള്ള ഒരു ഉയർന്ന കെട്ടിടത്തിനു മുകളിൽ പൊലീസ് നിലയുറപ്പിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെ പള്ളിയുടെ പിന്നിലൂടെ പർദ ധരിച്ച ഒരാൾ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആളെ കണ്ടതോടെ ഇയാൾ സെമിത്തേരി ഭാഗത്തേക്ക് ഓടി മറഞ്ഞു.
സെമിത്തേരിയിൽനിന്നു പിടിയിലാകും എന്നറിഞ്ഞതോടെ പത്മനാഭൻ കയ്യിൽ കരുതിയിരുന്ന സ്റ്റീൽ ദണ്ഡ് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. പെരുമ്പാവൂർ പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട്് പത്മനാഭനെ പിടിച്ചപ്പോൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ എട്ടോളം മോഷണം പുറത്തുവന്നു. പത്മനാഭൻ കഴിഞ്ഞ ജനുവരി 28നാണ്് ജയിൽ മോചിതനായത്.