‘അടിതെറ്റിവീണത് മൂന്നാൾ ആഴമുള്ള വെള്ളത്തിലേക്ക്’; മരണത്തിന്റെ വക്കിൽനിന്നു രക്ഷപ്പെട്ട ജോൺസൺ അനുഭവം പറയുന്നു

Mail This Article
കുറവിലങ്ങാട്∙ ‘നീന്തലറിയുന്നതിനാൽ രക്ഷപ്പെട്ടു. എങ്കിലും എന്നെ കിണറ്റിലേക്ക് തള്ളിയിടുന്നത് കണ്ടു നിന്ന മകൾ പേടിച്ചു പോയി.അവൾക്കിപ്പോഴും ഭയം മാറിയിട്ടില്ല. പപ്പയെ തള്ളിയിട്ട ആളെ പൊലീസ് പിടിച്ചോ എന്ന് അവൾ ചോദിച്ചു. ഇല്ല പിടിക്കുമെന്നു പറഞ്ഞു. പിടിക്കുമായിരിക്കും അല്ലേ..’ -മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കടപ്ലാമറ്റം ഇലയ്ക്കാട് കല്ലോലിയിൽ കെ.ജെ. ജോൺസൺ (43) പറഞ്ഞു. ലഹരിയിൽ ജോൺസണെ കിണറ്റിലേക്ക് തള്ളിയിട്ട സമീപവാസി ഇലയ്ക്കാട് പര്യാത്ത് നിതിൻ(31) ഒളിവിലാണ്. വർഷങ്ങളായി ഗുജറാത്തിലായിരുന്ന ജോൺസണും (ജോമോൻ) കുടുംബവും ആറുമാസം മുൻപാണ് നാട്ടിലെത്തിയത്.
സ്വകാര്യ കമ്പനിയിൽ സെയിൽസ് വാൻ ഡ്രൈവറാണ് ജോൺസൺ. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. അതെക്കുറിച്ച് ജോൺസൺ പറയുന്നു: വീട്ടിലെ പട്ടി അഴിച്ചുവിട്ട ഉടൻ ഓടി റോഡും കടന്ന് അടുത്ത വീട്ടിലേക്ക് പോയി. ആ വീട്ടുകാർ വിളിച്ചത് കേട്ട് ഭാര്യ ജിഷയും യുകെജിയിൽ പഠിക്കുന്ന മകൾ ഇസയും അതിനെ പിടിക്കാൻ ഈ കിണറിന് സമീപത്തുകൂടെ അവിടേക്ക് പോയി. പൊതുവഴിയാണ് ഇത്.
ഈ സമയം നിതിൻ ‘ലക്കില്ലാ’തെ അവിടെ ഇരിക്കുകയായിരുന്നു. സെയിൽസ് വാഹനത്തിലേക്ക് സാധനങ്ങൾ എടുത്തുവയ്ക്കാൻ ബാങ്കുകവലയിലേക്ക് പോകാൻ ഞാനും ഇതുവഴി എത്തി. വഴിമുടക്കി നിതിൻ ഇരിക്കുന്നത് കണ്ട് ഞാൻ ചോദ്യം ചെയ്തു. എന്നാൽ അസഭ്യം പറഞ്ഞു കൊണ്ട് പെട്ടെന്ന് അവൻ എന്നെ പിടിച്ചു തള്ളി.
അടിതെറ്റി പിന്നിലേക്ക് മറിഞ്ഞു കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴുമ്പോൾ ഒരു തവണ കൂടി മലക്കം മറിഞ്ഞതിനാൽ കാലാണ് ആദ്യം വെള്ളത്തിൽ മുങ്ങിയത്. നീന്തൽ അറിയാമായിരുന്നതിനാൽ പൊങ്ങി മുകളിൽ വന്നു. പക്ഷേ, പിടിച്ചു നിൽക്കാൻ പടിയൊന്നും ഇല്ലായിരുന്നു. പാറയുടെ ചെറിയ തിട്ടയിൽ പിടിച്ചു കിടന്നു. ഭാര്യയും മകളും നിലവിളിച്ചതോടെ സമീപത്തുള്ള ഷാജിയും കൂട്ടരും ഓടിയെത്തി.
കയർ കൊണ്ടു വന്നെങ്കിലും മുകളിലേക്ക് പിടിച്ചു കയറാൻ പ്രയാസമായിരുന്നു. പുറമ്പോക്കിലുള്ള ഈ കിണർ ആരും ഉപയോഗിക്കുന്നില്ല. കരിയില എല്ലാം വീണ് അഴുകിയ നിലയിലാണ്. നല്ല താഴ്ചയും മൂന്നാൾ ആഴത്തിൽ വെള്ളവും ഉണ്ടായിരുന്ന കിണറ്റിൽനിന്ന് രക്ഷപ്പെട്ടത് അദ്ഭുതമെന്ന് നാട്ടുകാർ.
ഏതായാലും ഒരു മണിക്കൂർ അങ്ങനെ കിടന്നു. ഒടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും എത്തി വല ഇറക്കിയാണ് പുറത്തെടുത്തത്. പോക്കറ്റിലുണ്ടായിരുന്ന മൊബൈലും വാനിന്റെ താക്കോലും കുറച്ചു കാശും വെള്ളത്തിൽ പോയി. കുപ്പിച്ചില്ലായിരുന്നു കിണറ്റിൽ മുഴുവൻ. പക്ഷേ, ഒന്നും പറ്റിയില്ല.
അടിയിലെ പാറയിൽ തലയിടിച്ചുമില്ല. ദേഹത്ത് ചെറിയ പോറലുകൾ മാത്രമേ ഉള്ളൂ. ഞായറാഴ്ച മോട്ടർ വച്ച് കിണർ വറ്റിച്ചതോടെ മൊബൈൽ കിട്ടി. താക്കോൽ നഷ്ടപ്പെട്ടു.- ജോൺസൺ പറഞ്ഞു. മരങ്ങാട്ടുപള്ളി പൊലീസ് കേസ് എടുക്കാൻ മടിച്ചതായി വാർഡംഗം കെ.ആർ ശശിധരൻ നായർ പറഞ്ഞു.സമീപത്ത് ചില പ്രദേശങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തതായി ജോൺസൺ പറഞ്ഞു.