ബസിലെ സംസാരവും ട്രെയിൻ സമയവും തിരക്കിയത് സജേഷ് ശ്രദ്ധിച്ചു; രക്ഷപെട്ടത് ഒരു ജീവൻ

Mail This Article
കോട്ടയം ∙ ജീവനൊടുക്കാനെത്തിയ വീട്ടമ്മയെ പൊലീസ് രക്ഷപ്പെടുത്തിയെന്നാണു ലോകമറിഞ്ഞത്. എന്നാൽ രക്ഷപ്പെടുത്തലിനു പിന്നിലെ യഥാർഥ നായകൻ കോട്ടയം – മുണ്ടക്കയം റോഡിൽ സർവീസ് നടത്തുന്ന ചെന്നിക്കര ബസിലെ കണ്ടക്ടർ വി.എം. സജേഷാണെന്നു പൊലീസിന്റെ വെളിപ്പെടുത്തൽ. പൊലീസും മോട്ടർ വാഹനവകുപ്പും നടത്തിയ ശിൽപശാലയിലാണു സജേഷിന്റെ ഇടപെടൽ പൊലീസ് വെളിപ്പെടുത്തിയത്.
3 മാസം മുൻപാണ് സംഭവം. പൊൻകുന്നം സ്റ്റാൻഡിൽനിന്നു വൈകിട്ട് 5.45നാണ് വീട്ടമ്മ ബസിൽ കയറിയത്. ട്രെയിനുകളുടെ സമയം വീട്ടമ്മ അടുത്തിരുന്ന മറ്റൊരു സ്ത്രീയോട് തിരക്കുന്നതു സജേഷ് ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് പോകാനുള്ള ട്രെയിനിന്റെ സമയവും വീട്ടമ്മ അന്വേഷിച്ചു.
ആ സമയത്തു കോഴിക്കോട് ഭാഗത്തേക്കു ട്രെയിനില്ല. വീട് വിട്ടിറങ്ങിയതാണെന്നും 2 ചെറിയ കുട്ടികളുണ്ടെന്നും സമീപത്തിരുന്ന സ്ത്രീയോട് വീട്ടമ്മ പറയുന്നതു സജേഷ് കേട്ടു. കുടുംബകലഹം കാരണമാണു വീടു വിട്ടിറങ്ങിയതെന്നും സജേഷ് മനസ്സിലാക്കി. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വഭാവികത തോന്നിയ സജേഷ് ജില്ലാ പൊലീസ് ലീഗൽ സെൽ എസ്ഐ ഗോപകുമാറിനെ വിവരം അറിയിച്ചു.
വീട്ടമ്മയെ തിരിച്ചറിയാനായി ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും കൈമാറി. ഗോപകുമാർ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറി. പൊലീസ് നാഗമ്പടം സ്റ്റാൻഡിൽ തിരച്ചിൽ നടത്തി. റെയിൽപാളത്തിലൂടെ നടന്നുപോകുന്ന വീട്ടമ്മയെ രാത്രി 11നു കണ്ടെത്തി. ബന്ധുക്കളെ വരുത്തി പൊലീസ് വീട്ടമ്മയെ അവർക്കൊപ്പം അയച്ചു.