കോട്ടയം ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ചേർപ്പുങ്കൽ - മരങ്ങാട്ടുപിള്ളി – നെല്ലിപ്പുഴ - പ്രാർഥനാ ഭവൻ റോഡ് ടാറിങ് ഇന്നുമുതൽ: കിടങ്ങൂർ ∙ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ചേർപ്പുങ്കൽ - മരങ്ങാട്ടുപിള്ളി - ഇടാട്ടുമന - മുണ്ടുപാലം - നെല്ലിപ്പുഴ - പ്രാർഥനാ ഭവൻ റോഡിന്റെ ടാറിങ് ജോലികൾ ഇന്ന് ആരംഭിക്കുമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപിയും മോൻസ് ജോസഫ് എംഎൽഎയും അറിയിച്ചു. 3.80 കോടി രൂപയാണ് അനുവദിച്ചിരുന്നത്. റോഡ് നിർമാണം പൂർത്തിയായ ശേഷം 5 വർഷത്തെ പരിപാലനവും നിർമാണ കരാറിലുണ്ട്. കടപ്ലാമറ്റം, കിടങ്ങൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനു 3.983 കിലോമീറ്റർ നീളമുണ്ട്. കേന്ദ്ര സർക്കാർ 60% തുകയും സംസ്ഥാന സർക്കാർ 40% തുകയും മുടക്കുന്ന വിധത്തിലാണ് പിഎംജിഎസ്‌വൈ പദ്ധതി നടപ്പാക്കുന്നത്. 2 കലുങ്കുകൾ പുതുതായി നിർമിക്കുകയും പഴയ 3 കലുങ്കുകൾ പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. ഓടകൾ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണവും പൂർത്തിയായി. ടാറിങ്ങിനു ശേഷം വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുമെന്നും ആവശ്യമായ ബോർഡുകൾ സ്ഥാപിക്കുമെന്നും ഫ്രാൻസിസ് ജോർജും മോൻസ് ജോസഫും പറഞ്ഞു.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ മാളിയേക്കൽപടി, സാംസ്കാരിക നിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ചാലച്ചിറ, ലൗലി ലാൻഡ്, കല്ലുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ പൂർണമായും മലകുന്നം, ഇളങ്കാവ്, കോയിപ്രം മുക്ക്, അമ്പലക്കോടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ വെട്ടൂർ കവല, ഇരുമ്പനം, മാമ്മൂട്, സ്കൈലൈൻ ഒയാസ്, ചാഴിശേരി റബർ, ക്രൈസ്റ്റ് റബർ, പെരുമാലിയിൽ, മുള്ളൻകുഴി, കുഴിയാലിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ പുതിയ കാവിൽ, ബസാർ, അട്ടിപ്പീടിക, കരിയിൽ 400, കോക്കനട്ട് 100, സെന്റ് ജോർജ്, എട്ടങ്ങാടി, നസ്രത്ത് പള്ളി, അബാദ്, മേലേക്കര, കുഴിക്കണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ മണ്ണാർക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ ജനതാ റോഡ്, ജനതാ നഗർ, വലവൂർ റോഡ്, മുണ്ടുപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, തോട്ടപ്പള്ളി, കന്നുകുഴി, പങ്ങട, പാറാമറ്റം, പൊടിമറ്റം, അരീപ്പറമ്പ് സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി, തകിടി, പയ്യപ്പാടി, കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മനോരമ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 21ന്
ഏറ്റുമാനൂർ∙ സഹകരണ ബാങ്കിൽ ‘നവകേരളീയം കുടിശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി’ പ്രകാരമുള്ള അദാലത്ത് 21നു നടക്കും. പദ്ധതി പ്രകാരം വായ്പാ കണക്ക് അവസാനിപ്പിക്കുന്ന എല്ലാ വായ്പകൾക്കും നിയമാനുസൃതമായ പലിശ, പിഴപ്പലിശ ഇളവുകൾ ലഭിക്കും. കുടിശിക ഉള്ള എല്ലാ അംഗങ്ങളും അദാലത്തിൽ പങ്കെടുത്ത് അവസരം പ്രയോജനപ്പെടുത്തി ആർബിട്രേഷൻ, ജപ്തി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് പ്രസിഡന്റ് ബിജു കുമ്പിക്കൻ അറിയിച്ചു.
കൺവൻഷൻ നാളെ
അതിരമ്പുഴ ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ രാവിലെ 10നു കൺവൻഷൻ. ജപമാല, വചനപ്രഘോഷണം, കുർബാന, നൊവേന, ദിവ്യകാരുണ്യ ആരാധന ശുശ്രൂഷകൾക്കു ഫാ.ജേക്കബ് ചക്കാത്തറ നേതൃത്വം നൽകും.
വാർഷികവും ലോഗോ പ്രകാശനവും
തമ്പലക്കാട് ∙ എൻഎസ്എസ് യുപി സ്കൂളിന്റെ 75–ാമത് വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനവും എൻഡോവ്മെന്റ് വിതരണവും നാളെ 2ന് നടത്തും. സ്കൂൾ മാനേജർ പ്രകാശ് ബാബുവിന്റെ അധ്യക്ഷതയിൽ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. എൻഡോവ്മെന്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ നിർവഹിക്കും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവ്, സബ് ജയിൽ സൂപ്രണ്ട് സി.ഷാജി ജൂബിലി ലോഗോ പ്രകാശനം ചെയ്യും.
പൊങ്കാല ഉത്സവം ഇന്ന്
പാറത്തോട് ∙ ചിറ ഭാഗം ഭുവനേശ്വരി - ശാസ്താ ക്ഷേത്രത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ പൊങ്കാല ഉത്സവം ഇന്നു നടത്തും. രാവിലെ 7.30ന് മഹാഗണപതി ഹോമം, 9.30ന് ക്ഷേത്രം മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 12 ന് പൊങ്കാല നിവേദ്യം, 12.30ന് ഉച്ച ദീപാരാധന, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന.
ക്യാംപ് നാളെ
മുണ്ടക്കയം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള ക്യാംപ് നാളെ നടത്തും. സർക്കാർ ആശുപത്രിയുമായി സഹകരിച്ച് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ വ്യാപാരഭവനിൽ നടത്തുന്ന ക്യാംപ് വ്യാപാരികൾ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ടി.എസ്.റഷീദ്, ജനറൽ സെക്രട്ടറി പി.എം.നജീബ് എന്നിവർ അറിയിച്ചു.
കിടങ്ങൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയ ചർച്ച 20ന്
കിടങ്ങൂർ ∙ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ്‍ 20നു ചർച്ചയ്ക്കെടുക്കും. രാവിലെ 11നു പ്രസിഡന്റിനെതിരെയും ഉച്ചകഴിഞ്ഞ് 2നു വൈസ് പ്രസിഡന്റിന് എതിരെയുമുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. കഴിഞ്ഞ ഒന്നര വർഷമായി കേരള കോൺഗ്രസും ബിജെപിയും ചേർന്നാണ് പഞ്ചായത്ത് ഭരണം. 15 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസ്-3, ബിജെപി-5, കേരള കോൺഗ്രസ് (എം)-4, സിപിഎം-3, എന്നതാണ് കക്ഷിനില. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസി(എം)ലെ ബോബി മാത്യുവാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ബിജെപി മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് വിട്ടുനിന്നു. പിന്നീട് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനായി എൽഡിഎഫിലെ മുൻ ധാരണ പ്രകാരം രണ്ടര വർഷത്തിനുശേഷം ബോബി മാത്യു രാജി വച്ചു. തുടർന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും ബിജെപിയും ചേർന്ന് കേരള കോൺഗ്രസിലെ തോമസ് മാളിയേക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപിയിലെ രശ്മി രാജേഷ് വൈസ് പ്രസിഡന്റായി. 3 സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ബിജെപിക്കാണ്. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം പദ്ധതി നിർവഹണം താറുമാറായിരിക്കുകയാണെന്നും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനോ നടപ്പാക്കാനോ കഴിയുന്നില്ലെന്നും എൽഡിഎഫ് ആരോപിച്ചു.
മെഡിക്കൽ ക്യാംപ് 15 മുതൽ
ഉഴവൂർ ∙ ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ 15 മുതൽ 17 വരെ സൗജന്യ വൈദ്യപരിശോധനാ ക്യാംപ് നടത്തും. 15ന് അസ്ഥി ബലക്ഷയ നിർണയ ക്യാംപ്, 16നു ജെറിയാട്രിക് ക്ലിനിക്, 17നു സ്ത്രീരോഗ ക്ലിനിക് എന്നിവയാണ് നടത്തുന്നത്. ഉഴവൂർ പഞ്ചായത്തംഗം ബിൻസി അനിൽ ഉദ്ഘാടനം ചെയ്യും. ഫോൺ: 94963 68474.
പരാതി സ്വീകരിക്കും
കോട്ടയം ∙ തപാൽ മേഖലയിലുള്ള സേവനം സംബന്ധിച്ച് പോസ്റ്റ് ഓഫിസ് ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ ഓഫിസിൽ ഇന്നലെ നടത്തിയ അദാലത്തിൽ പരാതികളൊന്നും ലഭിച്ചില്ല. അതേസമയം, ജനങ്ങൾക്ക് നിർദേശങ്ങളോ പരാതികളോ സീനിയർ സൂപ്രണ്ടിന്റെ ഓഫിസിൽ നൽകാമെന്നു പോസ്റ്റ് ഓഫിസ് സീനിയർ സൂപ്രണ്ട് എസ്.സ്വാതി രത്ന അറിയിച്ചു.