എംസി റോഡ് നവീകരണത്തിലെ പിഴവ് അപകടം വർധിപ്പിക്കുന്നതായി പരാതി

Mail This Article
ചങ്ങനാശേരി ∙ നവീകരണത്തിനു പിന്നാലെ എംസി റോഡിലെ അപകടം വർധിപ്പിക്കുന്നതായി പരാതി. റോഡ് ഉയർത്തി ടാറിങ് നടത്തിയതു മൂലമുള്ള കട്ടിങ്ങാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. റോഡിന്റെ വശങ്ങളിൽ ടാറിങ് അല്ലെങ്കിൽ കോൺക്രീറ്റ് നടത്തണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. കുറിച്ചി ഔട്പോസ്റ്റ് ജംക്‌ഷൻ മുതൽ പാലാത്ര ഭാഗം റോഡിന്റെ വശത്തെ കട്ടിങ് വളരെ കൂടുതലാണ്. ഇരുചക്രയാത്രക്കാരും ഓട്ടോകളുമാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെടുന്നത്. പിന്നാലെയെത്തുന്ന മറ്റ് വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ട് വാഹനം ഒതുക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.
റോഡിന് അരികിൽ നിന്നും വാഹനം തെന്നിമാറിയും അപകടമുണ്ടാകും. റോഡ് ഉയർന്നതു മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ വ്യാപാരികൾ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന വഴിയും റോഡിനൊപ്പം സ്വന്തം നിലയിൽ ഉയർത്തി തുടങ്ങിയിട്ടുണ്ട്. തുരുത്തി ഭാഗത്ത് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ തന്നെ റോഡിന് വശങ്ങളിൽ കോൺക്രീറ്റ് നടത്തി. സ്റ്റാൻഡിൽ നിന്നും ഉയർന്ന റോഡിലേക്ക് ഓട്ടോ എടുക്കുമ്പോഴുണ്ടാകുന്ന അപകടം മറികടക്കാനാണിത്.