ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം: തുഷാർ ഗാന്ധി

Mail This Article
അരുവിത്തുറ∙ ഭരണാധികാരികൾ സ്വയം വിമർശനത്തിനു വിധേയരാകണം. സ്വന്തം തെറ്റുകൾ കാണാതെ ഭരണാധികാരികൾ 75 വർഷം മുൻപുള്ളവരെ വിമർശിക്കരുതെന്നും തുഷാർ ഗാന്ധി. ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും സ്വയം വിമർശനത്തിനു തയാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സർദാർ വല്ലഭായി പട്ടേൽ രാജ്യത്തിനു നൽകിയത്. ഗാന്ധിജിയുടെ വാക്കുകൾ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. ഇത്തരം നേതാക്കൻമാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. എന്നാൽ, സ്വന്തം തെറ്റുകൾ കാണാതെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമുക്കുള്ളതെന്നും ചരിത്രത്തെ വിമർശിക്കുവാൻ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും മഹാത്മാഗാന്ധിയുടെ പൗത്രനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകാൻ പട്ടേൽ തയ്യാറായി പിന്നിട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുസത്യാഗ്രഹം നിർണായക വഴിത്തിരിവായി മാറിയെന്നും തുഷാർ ഗാന്ധി ഓർമിപ്പിച്ചു. അരുവിത്തുറ സെന്റ് ജോർജസ് കോളജ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷും ഐ ക്യുഎസിയും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ സർദാർ വല്ലഭായി പട്ടേലും ഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യർഥികളുടെ വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കോളജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു.