3 ലോറിയും ഒരു കണ്ടെയ്നറും: ഒടുവിൽ വണ്ടി കിട്ടി; തോക്കുകളുമായി പൊലീസ് കേരളത്തിലേക്ക്

Mail This Article
കോട്ടയം ∙ കേരള പൊലീസിനു കരസേന സൗജന്യമായി അനുവദിച്ച 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകളുമായി സംഘം പുറപ്പെട്ടു. 17നോ 18നോ തിരുവനന്തപുരത്ത് എത്തും. പട്ടാളം ഉപയോഗിച്ച തോക്കുകൾ ജബൽപുരിലെ കേന്ദ്ര ആയുധ ഡിപ്പോയിൽ നിന്ന് 250 തടിപ്പെട്ടികളിലാക്കിയാണു കൊണ്ടുവരുന്നത്. ഇവ കൊണ്ടുവരാൻ മതിയായ വാഹനസൗകര്യമില്ലാതെ പൊലീസ് സംഘം അവിടെ തങ്ങുകയായിരുന്നു. പുണെ ആയുധ ഫാക്ടറിയിൽ നിന്നു വെടിയുണ്ട കൊണ്ടുവരാൻ പോയ മറ്റൊരു സംഘത്തിന്റെ വാഹനം കൂടി ലഭിച്ചതോടെയാണ് ഇപ്പോൾ കൊണ്ടുവരാൻ സാധിച്ചത്.
3 ലോറിയും ഒരു കണ്ടെയ്നറുമായി ആർമർ വിഭാഗം ഇൻസ്പെക്ടർ, 3 സബ് ഇൻസ്പെക്ടർമാർ, 4 ഹെഡ് കോൺസ്റ്റബിൾമാർ, 7 പൊലീസുകാർ എന്നിവരും ഇവർക്കു സംരക്ഷണമൊരുക്കുന്ന പൊലീസും ഉൾപ്പെടെ 42 പേരാണു ജബൽപുരിലെ സംഘത്തിലുള്ളത്. പുണെ സംഘത്തിൽ 25 പേരും വാഹനവുമാണുള്ളത്. വാഹനസൗകര്യമില്ലെന്നു പൊലീസ് ആസ്ഥാനത്തും ആംഡ് ബറ്റാലിയൻ ആസ്ഥാനത്തും അറിയിച്ചിട്ടും നടപടികൾ ഇല്ലാതിരുന്നതു രണ്ടാഴ്ച മുൻപു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.