കലക്ടറേറ്റിലെ ഉപഭോക്തൃ സഹായ കേന്ദ്രം പേരിനു മാത്രം

Mail This Article
കോട്ടയം ∙ ഓൺലൈൻ തട്ടിപ്പുകളേറിയിട്ടും കലക്ടറേറ്റിലെ ഉപഭോക്തൃ സഹായകേന്ദ്രം തുറക്കാൻ നടപടിയില്ല. പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം വൈദ്യുതി കണക്‌ഷൻ നൽകാത്തതാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിന്റെ കാരണം. പ്രവർത്തനം നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. പ്രവർത്തനം തുടങ്ങി 6 വർഷത്തിനിടെ നാലര വർഷവും വൈദ്യുതിയില്ലാതെ പ്രവർത്തിച്ചു. വൈദ്യുതി ലഭിക്കാതെ വന്നതോടെ പ്രവർത്തനം നിർത്തി. ഓൺലൈനായി സാധനങ്ങൾ വാങ്ങി തട്ടിപ്പിനിരയായവർ ഏതു കോടതിയെ സമീപിക്കണം തുടങ്ങി നിയമോപദേശം കേന്ദ്രം വഴി നൽകിയിരുന്നു. ഭക്ഷ്യ പൊതുവിതരണവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപഭോക്താക്കളുടെ പരാതികളും പരിശോധിച്ച് സഹായം നൽകുന്നതിനു 2019ലാണു കലക്ടറേറ്റിൽ ഉപഭോക്തൃ സഹായകേന്ദ്രം ആരംഭിച്ചത്.
വൈദ്യുത കണക്‌ഷൻ നൽകണമെന്നു ആവശ്യപ്പെട്ട് പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിന് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. 2024 ഒക്ടോബർ പത്തിനു വീണ്ടും കത്തു നൽകിയിട്ടും വൈദ്യുതി ലഭിച്ചില്ലെന്നു ജീവനക്കാർ പറയുന്നു. ജില്ലാ ഭക്ഷ്യ പൊതുവിതരണ ഓഫിസിന്റെ കീഴിലാണ് സഹായകേന്ദ്രം. പ്രവർത്തനത്തിനായി ഒരു ക്ലാർക്കിനെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഫാനില്ലാത്തതു കാരണം കേന്ദ്രത്തിലിരിക്കാൻ ബുദ്ധിമുട്ടാണ്. കൊതുകുശല്യവും രൂക്ഷമെന്ന് ജീവനക്കാർ പറയുന്നു. വൈദ്യുതി ലഭിച്ചാൽ കേന്ദ്രം പ്രവർത്തനം തുടങ്ങുമെന്നു ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.
ഫോൺ നമ്പറുകൾ പ്രവർത്തിക്കുന്നില്ല
ഉപഭോക്തൃകാര്യ സെൽ തിരുവനന്തപുരം, റേഷനിങ് കൺട്രോളർ, പൊതുവിതരണ ഡയറക്ടർ തുടങ്ങി നമ്പറുകളും സഹായകേന്ദ്രത്തിനു സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവരെ വിളിച്ചു സംശയം ചോദിക്കാമെന്നാണ് അറിയിപ്പ്. എന്നാൽ ഈ നമ്പറുകളൊന്നും പ്രവർത്തിക്കുന്നില്ലെന്നു പരാതിയുണ്ട്.