കുമ്മണ്ണൂരിലും ഇല്ലിക്കലും ബസപകടം; 12 പേർക്ക് പരുക്ക്

Mail This Article
പാലാ ∙ ഏറ്റുമാനൂർ–പാലാ ഹൈവേയിൽ കുമ്മണ്ണൂരിലും പാലാ-കോഴാ റോഡിൽ ഇല്ലിക്കലും കെഎസ്ആർടിസി ബസുകൾ അപകടത്തിൽപെട്ടു. 2 അപകടങ്ങളിലായി 12 പേർക്കു പരുക്ക്. ഇന്നലെ പകൽ 2.30നു കുമ്മണ്ണൂരിൽ നിയന്ത്രണംവിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു.ഇടുക്കി സ്വദേശി എബിൻ ജയിംസ് (22), തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14), പാക്കിൽ സ്വദേശിനി വിജയകുമാരി (58), കൂത്താട്ടുകുളം സ്വദേശി ജോർജ് (60), തുടങ്ങനാട് സ്വദേശികളായ അജിത (43), മകൻ അനന്ദു (12) എന്നിവർക്കു പരുക്കേറ്റു. ഇവരെ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേർക്കു നിസ്സാരപരുക്കേറ്റു.കോട്ടയം ഭാഗത്തുനിന്ന് കട്ടപ്പനയിലേക്കു പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് അപകടത്തിൽപെട്ടത്. 50ലേറെ യാത്രക്കാർ ഉണ്ടായിരുന്നു.

കട്ടപ്പന ഡിപ്പോയുടേതാണ് ബസ്. മുൻവശത്തെ ചില്ലു തകർന്നു. ഇടതുവശത്തെ ടയറിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട ഉടൻ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.കോഴാ റോഡിൽ മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിക്കലിൽ കയറ്റംകയറി വന്ന കെഎസ്ആർടിസി ബസ് പിന്നോട്ട് ഉരുണ്ട് കാറിലും കയ്യാലയിലും ഇടിച്ചതാണ് രണ്ടാമത്തെ അപകടം. 10നു രാത്രി 7.30നാണ് അപകടം. ബ്രേക്ക് നഷ്ടമായതോടെ പിന്നിലേക്ക് ഉരുണ്ട ബസ് പിന്നാലെ എത്തിയ കാറിലേക്ക് ഇടിച്ചുകയറി. കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. കാറിൽ ഇടിച്ച ശേഷം വീണ്ടും പിന്നിലേക്ക് ഉരുണ്ട ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും മറ്റു വാഹനങ്ങൾ വരാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണമെന്നു യാത്രക്കാർ പറയുന്നു.