നിരീക്ഷണ ക്യാമറകൾ വീണ്ടും സ്ഥാപിച്ചു തുടങ്ങി; കാഞ്ഞിരപ്പള്ളി വീണ്ടും നിരീക്ഷണത്തിൽ

Mail This Article
കാഞ്ഞിരപ്പള്ളി ∙ നഗരത്തിൽ വീണ്ടും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. പഞ്ചായത്ത് 15 ലക്ഷം രൂപ മുടക്കി 10 ക്യാമറകളാണ് പൂതക്കുഴി മുതൽ കുരിശുങ്കൽ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് സ്ഥാപിക്കുന്നത്. മാലിന്യ നിക്ഷേപം തടയുകയാണ് പ്രധാനം ലക്ഷ്യം. ക്യാമറയിലെ ദൃശ്യങ്ങൾ കാണാവുന്ന വിധം പൊലീസ് സ്റ്റേഷനിലും മോണിറ്റർ സ്ഥാപിക്കും. ഇതോടെ കുറ്റകൃത്യങ്ങളും അപകടങ്ങളും പൊലീസിനു നിരീക്ഷിക്കാൻ കഴിയും. കെൽട്രോണിന് ആണ് ക്യാമറ സ്ഥാപിക്കുന്നതിന്റെ സാങ്കേതിക ചുമതല. പൂതക്കുഴി, പൂതക്കുഴി– പട്ടിമറ്റം റോഡ്, പേട്ട സ്കൂൾ ജംക്‌ഷൻ, പേട്ടക്കവല, കോവിൽക്കടവ്, ബസ് സ്റ്റാൻഡ് ജംക്‌ഷൻ, ബസ് സ്റ്റാൻഡ്, പുത്തനങ്ങാടി, സിവിൽ സ്റ്റേഷനു സമീപം, കുരിശുങ്കൽ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടമായി ടൗണിൽ തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗത്ത് പഞ്ചായത്ത് അതിർത്തി വരെയും ക്യാമറകൾ സ്ഥാപിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു. 2012ൽ പഞ്ചായത്ത് 657236 രൂപ മുടക്കി ടൗണിൽ സ്ഥാപിച്ച 16 നിരീക്ഷണ ക്യാമറകൾ തകരാറിലായിരുന്നു. പിന്നീട് 2017ൽ 5 ലക്ഷം രൂപ മുടക്കി ഇവയുടെ തകരാർ പരിഹരിച്ചെങ്കിലും വീണ്ടും തകരാറിലായി. യഥാസമയം അറ്റകുറ്റപണികൾ നടത്താതിരുന്നതാണു ക്യാമറകൾ കൂട്ടത്തോടെ തകരാറിലാകാൻ കാരണം.