തീരാദുരിതം: കുമരകത്തെ കൂരിരുട്ടിലാക്കി വൈദ്യുതിമുടക്കം പതിവ്
Mail This Article
കുമരകം ∙ വൈദ്യുതി മുടക്കം വിനോദ സഞ്ചാര മേഖലയ്ക്കൊപ്പം നാട്ടുകാർക്കും തിരിച്ചടിയാകുന്നു. വിനോദ സഞ്ചാര മേഖലയിലെ വൈദ്യുതി മുടക്കം മൂലം ഇവിടത്തെ സ്ഥാപനങ്ങൾക്കു വലിയ നഷ്ടം സംഭവിക്കുന്നു. പൊതുജനങ്ങളെയും വ്യാപാരികളെയും ഓഫിസ് ജീവനക്കാരെയും ദുരിതത്തിലാക്കിയാണു പലപ്പോഴായി വൈദ്യുതി മുടക്കം.കഴിഞ്ഞ ദിവസം വിനോദ സഞ്ചാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ദിവസം രാത്രി ഒരു മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയും ജില്ലാ കലക്ടറും വൈദ്യുതി വരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
രാപകൽ വ്യത്യാസമില്ലാതെ ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുന്നു. ദിവസം ഒട്ടേറെ തവണയാണ് വൈദ്യുതി മുടങ്ങുന്നത്. പെട്ടെന്ന് വൈദ്യുതി നിലയ്ക്കുകയും 10–15 മിനിറ്റുകൾ കഴിയുമ്പോൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ കാര്യം വലിയ കഷ്ടമാണ്. പെട്ടെന്നു വൈദ്യുതി നിലയ്ക്കുകയും പിന്നീട് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി എത്തുകയും ചെയ്യുന്നതായും ഉടമകൾ പറയുന്നു. ഇത് മൂലം യന്ത്രസാമഗ്രികൾ കേടുപാടുകൾ സംഭവിക്കുന്നതായും പറയുന്നു. ജനറേറ്റർ ഇല്ലാത്ത ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ വൈദ്യുതി നിലയ്ക്കുന്നത് കച്ചവടത്തെ ബാധിക്കുന്നു.
വൈദ്യുതി നിലയ്ക്കുന്നത് സംബന്ധിച്ച് അന്വേഷിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശരിയായ കാരണം പറയാറില്ലെന്നും പരാതിയുണ്ട്. ടച്ച്‌വെട്ടിന്റെ പേരിലാണ് വൈദ്യുതി വിഛേദിച്ച് മണിക്കൂറുകൾ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചില പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.വോൾട്ടേജ് ക്ഷാമവുംപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നതായി നാട്ടുകാർ. ബൾബുകൾ പൂർണമായും പ്രകാശിക്കുന്നില്ല. ഫാനുകൾക്കു പ്രവർത്തനക്ഷമതയില്ല. വീടുകളിലെയും കടകളിലെയും ഫ്രിജിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കേടാകുന്നതായും പറയുന്നു. മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നതിനാൽ ശുചിമുറിയിലെ ആവശ്യത്തിനു പോലും വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരുന്നതായും വീട്ടുകാർ പറയുന്നു.