നാഗമ്പടം മേൽപാലത്തിലെ നടപ്പാതയിൽ യാത്ര ദുരിതം

Mail This Article
കോട്ടയം ∙ കാൽനട യാത്രക്കാർക്ക് നടക്കാനല്ലെങ്കിൽ പിന്നെ എന്തിനാണു റെയിൽവേ മേൽപാലത്തിൽ നടപ്പാത ഒരുക്കിയിരിക്കുന്നത് എന്നു ചോദിക്കുകയാണ് ജനം. നാഗമ്പടം റെയിൽവേ മേൽപാലത്തിലൂടെ വാഹനഗതാഗതം മാത്രമല്ല കാൽനട യാത്രയും ദുരിതത്തിലാണ്. മേൽപാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകി മാറിയതാണ് കാരണം. ഇവയിലൂടെ നടക്കുമ്പോൾ ഇത്തരം സ്ലാബുകൾ ഇളകുന്നതും ചെറിയ തോതിലുള്ള ശബ്ദങ്ങൾ ഉണ്ടാകുന്നതും ഇതിലെ നടക്കുന്നവർക്ക് ഭീഷണിയാകുന്നു. അതിനാൽ പലരും നടപ്പാത ഉപേക്ഷിച്ച് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലൂടെയാണു നടക്കുന്നത്. ഇത് അപകടമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മേൽപാലത്തിന്റെ നിർമാണം നടക്കുന്ന പ്രാരംഭ ഘട്ടത്തിൽ തന്നെ മേൽപാലവും പ്രവേശന പാതയും തമ്മിൽ ഉയരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഇതു ശാസ്ത്രീയമായി പരിഹരിക്കാതെ ആണ് അന്ന് നിർമാണം പൂർത്തിയാക്കിയത്. അതിനാൽ മേൽപാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകൾ പ്രധാന പാലവുമായി ചേരുന്ന ഭാഗം അൽപം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മിൽ ചേരുന്നിടത്തും കാലക്രമേണ വലിയ വിള്ളലുകൾ രൂപപ്പെട്ടു.
ഇരുചക്ര വാഹനങ്ങളിൽ ഇതിലെ കടന്നുപോകുന്നവർ ഇവിടെ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുമ്പോൾ മേൽപാലത്തിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങളാണു കോൺക്രീറ്റ് സ്ലാബുകൾ തമ്മിൽ അകലാൻ കാരണം. നിലവിൽ പിഡബ്ല്യുഡി നിരത്ത് വിഭാഗത്തിനാണ് പാലത്തിന്റെ നവീകരണ ചുമതല. വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനു മുൻപ് ജനങ്ങളുടെ ദുരിതം മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം.