വേമ്പനാട്ടു കായലിൽ കൈകൾ ബന്ധിച്ച് 7 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് 6 വയസ്സുകാരൻ

Mail This Article
വൈക്കം ∙ കൈകൾ ബന്ധിച്ച് വേമ്പനാട്ടു കായലിൽ 7 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് ആറു വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത്- രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ശ്രാവൺ എസ്.നായർ ഒരു മണിക്കൂർ 29 മിനിറ്റുകൊണ്ടാണ് നീന്തിക്കടന്നത്. ഇന്നലെ രാവിലെ 7.45ന് ആലപ്പുഴ ജില്ല വടക്കുംകര അമ്പലക്കടവിൽനിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തിയത്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയാണ് ലക്ഷ്യം. 2024 ഓഗസ്റ്റിൽ ശ്രാവൺ 7 കിലോമീറ്റർ ദൂരം കായൽ നീന്തി റെക്കോർഡ് ഇട്ടിരുന്നു. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ ആണ് പരിശീലനം നൽകിയത്.
ചേർത്തല അമ്പലക്കടവിൽനിന്നു ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കി വൈക്കം ബീച്ചിൽ എത്തിയ ശ്രാവണിന്റെ കൈവിലങ്ങ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഷൈൻ അഴിച്ചുമാറ്റി. അനുമോദന സമ്മേളനം ഉദയനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജയ് ജോൺ പേരയിൽ അധ്യക്ഷത വഹിച്ചു. സി.എൻ.പ്രദീപ്, വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, സി.പി.ലെനിൻ, ഗോപകുമാർ, ടി.ഷാജികുമാർ, ജി.പി.സേനകുമാർ എന്നിവർ പ്രസംഗിച്ചു.