വിഷുവിപണിയിലെ താരങ്ങൾ ബീൻസും കണ്ണിമാങ്ങയും കടച്ചക്കയും

Mail This Article
കോട്ടയം ∙ വിഷുവിപണിയിൽ നൂറു കടന്ന് ബീൻസും കണ്ണിമാങ്ങയും കടച്ചക്കയും. വിപണിയിൽ വിലക്കയറ്റമില്ലെന്നാണ് കോട്ടയം എംഎൽ റോഡിലെ കച്ചവടക്കാരുടെ വാദം. എന്നാൽ പയർ ഇനങ്ങൾക്കു വില കൂടി. ബീൻസിനു കിലോയ്ക്ക് 100 രൂപയും പയറിനു 60 രൂപയുമാണ് എംഎൽ റോഡ് മാർക്കറ്റിലെ വില. ഇത്തവണ മൈസൂരുവിൽനിന്നാണു കൂടുതൽ പച്ചക്കറി എത്തിയത്.ഉള്ളി, കൂർക്ക 2 കിലോ 100, കിഴങ്ങ്, സവാള 3 കിലോ 100 എന്നിങ്ങനെയായിരുന്നു കോട്ടയം മാർക്കറ്റിൽ ഇന്നലെ വിൽപന. കണ്ണിമാങ്ങ കിലോ 180, കടച്ചക്ക കിലോ 140, തേങ്ങ കിലോ 65–70 എന്നിങ്ങനെയായിരുന്നു വില.
കണിവെള്ളരി മൂന്നിനം
മൂന്നിനം കണിവെള്ളരിയാണ് കോട്ടയം മാർക്കറ്റിൽ വിൽപനക്കെത്തിയത്. 60 മുതൽ 80 രൂപ വിലയിലാണ് കണിവെള്ളരി വിൽപന നടന്നത്. കണിമത്തൻ കിലോ 40 രൂപ മുതലാണ് വിൽപന. നാടൻ പയർ വില ഉയർന്നതോടെ അരക്കിലോ 30 എന്ന കണക്കിലാണ് വിൽപന നടന്നത്. ഒരു കിലോ ചക്കയ്ക്ക് 30 രൂപ നിരക്കിലും വിൽപന നടന്നു.