വൈക്കത്തപ്പനു സഹസ്ര കലശാഭിഷേകം

Mail This Article
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ നടന്ന കോടി അർച്ചനയുടെ സമാപനമായി വൈക്കത്തപ്പനു സഹസ്ര കലശാഭിഷേകം നടത്തി. ഇന്നലെ പുലർച്ചെ 3ന് നട തുറന്ന് അഭിഷേകങ്ങൾ പൂർത്തിയാക്കി ഉച്ച ശ്രീബലിക്ക് മുൻപായി പരി കലശം, ഖണ്ഡ ബ്രഹ്മ കലശം എന്നിവ അഭിഷേകം ചെയ്തു. വിവിധ വാദ്യ മേളങ്ങളുടെയും സ്വർണ കുടകളുടെയും വെഞ്ചാമരം ആലവട്ടങ്ങളുടെയും അകമ്പടിയോടെ ആചാരത്തനിമയോടെ ബ്രഹ്മ കലശവും ഭസ്മ കലശവും നാലമ്പലത്തിന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് അഭിഷേകം നടന്നത്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ കാലത്ത് ശ്രീ ഭാർഗവരാമൻ പുണ്യ നദികളിലെ തീർഥ ജലം 1001 കലശങ്ങൾ അഭിഷേകം നടത്തിയതായാണ് വിശ്വാസം. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ചെറിയ നാരായണൻ നമ്പൂതിരി തുടങ്ങിയവർ കാർമികത്വം വഹിച്ചു.
∙ ഖണ്ഡ ബ്രഹ്മനിലെ ദ്രവ്യങ്ങൾ
1.പാദ്യം, 2.ആചാമം, 3.അർഘ്യം, 4.പഞ്ചഗവ്യം, 5.നെയ്യ്, 6.തേൻ, 7.പാൽ, 8.തൈര്, 9.കരിമ്പു നീര്, 10.ഫലം, 11.കഷായം,12.സക്തു (അരി വറുത്ത പൊടിച്ചത്), 13.അഷ്ട ബന്ധം, 14.പുഷ്പം, 15.സ്വർണ കലശം, 16.രത്നം, 17.മുത്ത്, 18.പവിഴം, 19.യവം, 20.എള്ള്, 21.കറുക, 22.ചെങ്ങഴിനീർ പൂവ്, 23.കുശ, 24.നെല്ല് എന്നിവയാണ് സഹസ്ര കലശത്തിന് ഒരുക്കിയ ഖണ്ഡ ബ്രഹ്മനിലെ ദ്രവ്യങ്ങൾ.

∙ അന്നദാനം
സഹസ്ര കലശാഭിഷേകത്തിന് ശേഷം ക്ഷേത്രത്തിൽ നടത്തിയ പ്രാതലിൽ നിരവധി ഭക്തർ പങ്കാളിയായി. 51പറ അരിയുടെ പ്രാതലാണ് ഒരുക്കിയത്. കൂടാതെ ചടങ്ങിന്റെ ഭാഗമായി എത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും വടക്കു പുറത്ത് പാട്ടിനായി പ്രവർത്തിച്ചവർക്കും മെസ് ഹാളും ഒരുക്കിയിരുന്നു.കൊച്ചാലും ചുവട് ഭഗവതി ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ കൊച്ചാലും ചുവട്ടിലും 51 പറ അരിയുടെ അന്നദാനം ഒരുക്കി.

∙ കൊടുങ്ങല്ലൂർ ഭഗവതിയുടെ സാന്നിധ്യം
വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന വന്നിരുന്ന വടക്കു പുറത്ത് പാട്ടിന്റെ സമാപനം ഭക്തി സാന്ദ്രം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ 12 ദിവസം മീന ഭരണി കഴിഞ്ഞ് അടുത്ത നാൾ മുതൽ കൊടുങ്ങല്ലൂർ ദേവിയുടെ സാന്നിധ്യം വൈക്കം ക്ഷേത്രത്തിൽ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് വടക്കു പുറത്ത് പാട്ട് നടന്നു വരുന്നത്.
∙ മാലകൾ
വടക്കുപുറത്തു പാട്ടിന്റെ സമാപന ദിനമായ ഇന്നലെ 64കൈകളോടെ വരച്ച ഭദ്രകാളി രൂപത്തിൽ ചരടു മാല, പുലി നഖം, നാലു പിണ്ഡി, കണ്ഠ ശരം, പൂത്താലി രൂപത്താലി പാലയ്ക്ക മാല, അരിമ്പു മണി മാല, മാമ്പൂ മാല, യന്ത്ര കുഴൽ മാല, പച്ചക്കൽ താലി, കാശു താലി, കുഴൽ മോതിരം, തലയോട്ടി മാല, പൂമാല , മുത്തു മാല, രത്നമാല, ശംഖ് മാല എന്നിവ ഉപയോഗിച്ചു.

∙ ആയുധം
വലതു കൈകളിൽ മുകളിലത്തെ കയ്യിൽ നാന്ദകം വാളും ഇടതു കൈകളിലെ മുകളിലത്തെ കയ്യിൽ കൊടിമരവുമാണ് എഴുതിയത്. വലത് കൈകളിലെ ആയുധം പ്രയോഗിക്കാനുള്ളതും ഇടതു കൈകളിൽ പ്രതിരോധത്തിനും ശാന്തിക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായി ഉള്ളതാണ്. ഇടതു ഭാഗത്ത് താഴത്തെ കയ്യിൽ വട്ടകവും തൊട്ട് മുകളിൽ ദാരിക ശിരസുമാണ്. വലത് ഭാഗത്തെ കർണാഭരണം സിംഹത്തിന്റെ തലയും ഇടതു ഭാഗത്ത് ആനയുടെ തലയുമാണ് വരച്ചത്.
∙ വലിയ ഗുരുതി
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്ക് പുറത്ത് പാട്ടിന്റെ സമാപനമായി വലിയ ഗുരുതി നടത്തി.കളം പാട്ടിനും കളം മായ്ക്കലിനും ശേഷം രാത്രി നടന്ന ഗുരുതിക്കു വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വടക്കേ ക്ഷേത്ര കുളത്തിലേക്കുള്ള തളക്കല്ലിനു സമീപമാണ് ഗുരുതിക്കളം ഒരുക്കിയത്.
∙ നാട്ടിയ കാൽ
വടക്കു പുറത്ത് പാട്ട് സമാപിച്ച് 7ദിവസത്തിന് ശേഷം കാൽ നാട്ടിനായി ഉപയോഗിച്ച മരം പിഴുതെടുത്ത് ആൾ സഞ്ചാരമില്ലാത്ത ഒഴിഞ്ഞ ഭാഗത്ത് മറവു ചെയ്യും.വടക്കു പുറത്ത് പാട്ടിന് പ്രവർത്തിച്ച ഭക്തർ വൈക്കത്തും കൊടുങ്ങല്ലുർ ക്ഷേത്രത്തിലും ദർശനം നടത്തി കാണിക്ക സമർപ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തും.
∙ ലക്ഷാർച്ചന
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കു പുറത്ത് പാട്ട് കോടി അർച്ചനയുടെ ഭാഗമായി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തി. തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ചെമ്പാഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
∙താലപ്പൊലി
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ നടത്തിവന്ന വടക്കുപുറത്തു പാട്ടിന്റെ സമാപന ദിവസമായ ഇന്നലെ വൈകിട്ട് പടിഞ്ഞാറ്റുംചേരി വടക്കേ മുറി വി.കെ.വി.എ. 1880-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. വൈക്കം ടൗണിലെ സംയുക്ത കരയോഗം ഭാരവാഹികൾ പങ്കെടുത്തു. നാഗമ്പൂഴി മനയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ
നടത്തിയ താലപ്പൊലി ദീപാരധനയ്ക്കു മുൻപായി ക്ഷേത്രത്തിലെത്തി സമർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ കാരിക്കോട്, സെക്രട്ടറി, അഖിൽ ആർ.നായർ, കരയോഗം പ്രസിഡന്റ് കെ.പി.രവികുമാർ, സെക്രട്ടറി സി.ശ്രീഹർഷൻ, വൈസ് പ്രസിഡന്റ് എം.എസ്.മധു, ജോയിന്റ് സെക്രട്ടറി ശിവകുമാർ, ട്രഷറർ. സുരേഷ്, അരുൺകുമാർ, ബാല കുമാർ, രഘുനാഥ്, രാജശേഖരൻ നായർ, വനിതാസമാജം പ്രസിഡന്റ് ലേഖ ശ്രീകുമാർ, സെക്രട്ടറി ഗിരിജ എസ്.നായർ, ട്രഷറർ അനിത ഹർഷൻ തുടങ്ങിയവർ നേതൃത്വം നൽകി.