‘സമയമാണ് പണം, സമയം ലാഭിക്കാനാണ് ഈ ജെറ്റ്’: 650 കോടിയുടെ വിമാനം സ്വന്തമാക്കിയ രവിപിള്ള പറയുന്നു...

Mail This Article
കോട്ടയം ∙ ‘സമയമാണ് പണം. അതുകൊണ്ടു സമയം ലാഭിക്കാനാണ് ഈ ജെറ്റ് വാങ്ങിയത്’- ജി600 വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവിപിള്ള പറഞ്ഞു. ലോകത്തിന്റെ ഏതു കോണിലേക്കും ഫോൺ ചെയ്യാനും വിഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താനും സൗകര്യമുള്ള വിമാനം തന്റെ ഓഫിസും വീടും പോലെ സജ്ജമാക്കിയിരിക്കുകയാണ് അദ്ദേഹം. പൂർണമായും തന്റെ താൽപര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ചാണ് വിമാനത്തിന്റെ ഉൾഭാഗം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

650 കോടി രൂപ വിലയുള്ള വിമാനത്തിൽ അത്യാധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹ്റൈനിൽ നിന്ന് 11ന് തിരുപ്പതിയിലെത്തി അവിടെ പൂജകൾ നടത്തിയിരുന്നു. രാജ്യാന്തര വിമാനത്താവളമല്ലാത്ത തിരുപ്പതിയിൽ പ്രത്യേക നടപടിക്രമങ്ങൾ നടത്തിയാണ് വിമാനമിറക്കിയത്. തുടർന്ന് 12നാണ് കൊച്ചിയിലെ ഹാങ്ങറിൽ വിമാനമെത്തിയത്. വാട്ടർ സല്യൂട്ട് ഉൾപ്പെടെ നൽകി വൻ വരവേൽപാണ് നൽകിയത്. 14ന് രാവിലെ 11.45ന് ഗുരുവായൂർ മുൻ മേൽശാന്തിയുടെ കാർമികത്വത്തിൽ പൂജകൾ ആരംഭിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട പൂജാ ചടങ്ങുകൾക്കു ശേഷം അദ്ദേഹവും കുടുംബവും ഉച്ചയ്ക്ക് രണ്ടിന് ശേഷം ആഭ്യന്തര വിമാനത്താവള ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു.
അരമണിക്കൂറിൽ താഴെ സമയം കൊണ്ട് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിമാനത്തിലിരുന്ന് തന്റെ കോവളം ലീലാ പാലസ് ഹോട്ടൽ കണ്ടപ്പോൾ അദ്ദേഹം അവിടത്തെ ഭൂപ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച് പറഞ്ഞു. വിമാനയാത്രക്കിടയിൽ തിരുവനന്തപുരത്തുള്ള തന്റെ പുതിയ പദ്ധതിയെക്കുറിച്ച്, വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ 550 കോടിയുടെ സ്കോളർഷിപ്പിനെക്കുറിച്ചെല്ലാം മനസ്സ് തുറന്നു.
∙ വിമാനം വാങ്ങാനുള്ള തീരുമാനത്തിലെത്തിയത് എങ്ങനെ ?
സമയമാണ് പ്രധാനം. ഊർജ മേഖലയുമായി ബന്ധപ്പെട്ട് യുഎസ്, യൂറോപ്പ്, ആഫ്രിക്ക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യവസായം വളർന്നു. യാത്രകൾ കൂടി. ഇപ്പോൾ മൊസാമ്പിക്കിലും വൻ പദ്ധതിയുണ്ട്. അവിടേക്കെല്ലാം എളുപ്പത്തിൽ എത്താൻ വിമാനം വാങ്ങേണ്ടി വന്നു. സമയലാഭം, സുരക്ഷ, ശുദ്ധവായു ഇതെല്ലാം കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്. സാധാരണയായി ബഹ്റൈനിൽ നിന്ന് ദുബായിലെത്തണമെങ്കിൽ രണ്ടു വിമാനത്താവളത്തിലുമായി 8 മണിക്കൂറെങ്കിലും ചെലവാകും. ആ സമയം നമുക്ക് ലാഭിക്കാം.
∙ വിമാനം കൊണ്ടു നടക്കാൻ വലിയ ചെലവാകില്ലേ ?
തീർച്ചയായും. രണ്ടു പൈലറ്റുമാർ, എയർഹോസ്റ്റസ്, ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും വിമാനത്താവള ചാർജുകൾ, ഓരോ മണിക്കൂറിനും വരുന്ന വാടക. ഇതെല്ലാം നോക്കുമ്പോൾ നല്ല പണം ചെലവാകും. ഗരുഡ എയർവേയ്സ് കമ്പനിയുമായി ഇതു സംബന്ധിച്ച് കരാർ ഏർപ്പെട്ടിരിക്കുകയാണ്. അവരാണ് ഇതെല്ലാം ചെയ്യുന്നത്.

∙ യാത്രയ്ക്ക് എപ്പോഴും വിമാനം സജ്ജമായിരിക്കുമോ ?
യാത്രയ്ക്ക് മൂന്നോ നാലോ മണിക്കൂർ മുൻപ് നിർദേശം കൊടുത്താൽ അപ്പോൾത്തന്നെ വിമാനം സജ്ജമായിരിക്കും. മൂന്നോ നാലോ ദിവസത്തെ താമസത്തിനു വേണ്ട സൗകര്യങ്ങൾ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.
∙ കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്കോളർഷിപ്പാണല്ലോ കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ചത്
സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ച് സമർഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് 550 കോടിയുടെ സ്കോളർഷിപ് പ്രഖ്യാപിച്ചത്. അതിന്റെ 20 ശതമാനം ഓരോ വർഷവും എൻആർഐ കുട്ടികൾക്കു കൂടി നൽകാൻ പുതിയതായി തീരുമാനിച്ചിട്ടുണ്ട്. ഗൾഫിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സാധാരണക്കാരുടെ മക്കൾക്കും ആ പ്രയോജനം കിട്ടാൻ വേണ്ടിയാണത്. 1500 പേർക്ക് പ്രതിവർഷം 11 കോടി രൂപയാണ് സ്കോളർഷിപ്പായി നൽകുന്നത്. 50 വർഷത്തേക്ക് ഇത് നൽകും. നോർക്കയാണ് ഇതിനു വേണ്ട നടപടിക്രമങ്ങൾ ചെയ്യുക. അതിനു സംസ്ഥാന സർക്കാരുമായി കരാറായി.
∙ ഇങ്ങനെ സ്വന്തമായി വിമാനം വാങ്ങുന്നത് മുൻപ് സ്വപ്നം കണ്ടിട്ടുണ്ടോ ?
ഒരിക്കലുമില്ല. എല്ലാം ദൈവത്തിന്റെ സമ്മാനം. കഠിനാധ്വാനത്തിന് ദൈവം നൽകുന്ന അനുഗ്രഹം.
∙ ഊർജ മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റി രംഗത്തും ശ്രദ്ധിക്കുന്നുണ്ടല്ലോ. കേരളത്തിൽ പുതിയ പദ്ധതികൾ വരുമോ ?
തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോട കൺവൻഷൻ സെന്റർ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.
സിയാൽ ഹാങ്ങറിൽ പൂജ ഇതാദ്യം
കൊച്ചി രാജ്യാന്തര വിമാനത്തോടനുബന്ധിച്ചുള്ള ഹാങ്ങറിലാണ് ഡോ. ബി.രവിപിള്ളയുടെ ജി600 വിമാനത്തിന്റെ പൂജകൾ നടന്നത്. ആദ്യമായാണ് ഇവിടെ ഇത്തരത്തിൽ പൂജ നടക്കുന്നത്. എയർവർക്സ് എന്ന കമ്പനിയാണ് ഹാങ്ങറിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികളും പരിശോധനകളുമെല്ലാം നടത്തുന്നത്. കമ്പനി സ്ഥാപിച്ചിട്ട് നാളെ 75 വർഷമാകും എന്ന പ്രത്യേകതയുമുണ്ട്. മലയാളികളായ മേനോൻ സഹോദരങ്ങളാണ് കമ്പനി ആരംഭിച്ചത്. രണ്ടു ഹാങ്ങറുകളാണ് കമ്പനിക്ക് സിയാലിലുള്ളത്. ഇവിടെ ഒരേസമയം നാലു വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സൗകര്യമുണ്ട്.
ഇന്ത്യയിൽ നിന്ന് പറന്നുപൊങ്ങുന്ന രാജ്യാന്തര വിമാനങ്ങളിൽ മൂന്നിലൊന്നിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത് എയർവർക്സാണ്. ആയിരം വട്ടം പറക്കലോ രണ്ടു വർഷത്തിൽ ഒരിക്കലോ സാധാരണ സർവീസ് നടത്താൻ മാത്രം ഒരു കോടിയിലധികം രൂപ ചെലവാകും. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എയർവർക്സ് കമ്പനിക്കു മാത്രമാണ് പ്രതിരോധ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ലൈസൻസുള്ളതെന്നും മാനേജരായ ദീപക് സോമൻ പറഞ്ഞു. ഇന്നലെ മുക്കാൽ മണിക്കൂറോളം നീണ്ട പൂജകളാണ് രവിപിള്ളയുടെ ജി600 വിമാനത്തിനായി നടന്നത്.