പെസഹാ ദിനത്തിലെ മലയാറ്റൂർ യാത്ര ഇത്തവണയും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Mail This Article
കോട്ടയം∙ പെസഹാ ദിനത്തില്‍ മുടങ്ങാതെ വിശ്വസവഴിയില്‍ യാത്ര തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലാ ചക്കാമ്പുഴയിലെ കുടുംബവീട്ടില്‍ നിന്നാണ് മലയാറ്റൂരിലേക്കുള്ള യാത്ര. 1985ല്‍ തുടങ്ങിയ യാത്ര കോവിഡ് കാലത്തു മാത്രമാണ് മുടങ്ങിയിട്ടുള്ളതെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മന്ത്രിയുടെ പോസ്റ്റ് ചുവടെ:
ചക്കാമ്പുഴയിലെ കുടുംബ വീട്ടിൽ നിന്ന് മുൻവർഷങ്ങളിലെ പോലെ പെസഹാ ദിനത്തിൽ ഇക്കുറിയും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. രാമപുരം- കൂത്താട്ടുകുളം - മൂവാറ്റ്പുഴ - കീഴില്ലം വഴിയാണ് മലയാറ്റൂർക്കുള്ള തീർഥാടനം. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്. 1985 ൽ തുടങ്ങിയ യാത്ര മുടങ്ങിയത് കഴിഞ്ഞ കോവിഡ് കാലത്ത് ഒരിക്കൽ മാത്രം. ചെറിയൊരു പനി പോലും വരുത്താതെ എന്നെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രം.
ഒരു വർഷത്തേക്ക് പ്രവർത്തിക്കാൻ ഉള്ള ഊർജം ആണ് ഈ യാത്ര എനിക്ക് നൽകുന്നത്. മുൻപ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂർ യാത്ര, 1996 ൽ പേരാമ്പ്രയിൽ സ്ഥാനാർഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. തറവാട്ട് വീട്ടിൽനിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമായിരുന്നു യാത്ര തിരിച്ചിരുന്നത്. അമ്മ ലീലാമ്മ കൊന്ത നൽകി അനുഗ്രഹിക്കും.
ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് കൂടി ഗുണകരം ആകണം എന്ന ചിന്ത ആണ് എന്നെ നയിക്കുന്നത്. ജാതി മത ചിന്തകൾക്ക് അതീതമായി സമൂഹത്തിന് വേണ്ടി പ്രാർത്ഥിക്കുക ആണ് നമ്മുടെ കടമ. എന്റെ വിശ്വാസം ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിച്ച് കൊണ്ട് ആകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. യേശു ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതും അത് തന്നെ ആണ്.