ADVERTISEMENT

കോട്ടയം ∙ ഒന്നര മണിക്കൂറിനുള്ളിൽ കുറ്റം സമ്മതിച്ച് അമിത് ഉറാങ്! ആദ്യം കൊലപ്പെടുത്തിയത് വിജയകുമാറിനെയാണെന്ന് അമിത് പൊലീസിനോടു വെളിപ്പെടുത്തി. നെഞ്ചിൽ കയറിയിരുന്നു മുഖത്ത് കോടാലി കൊണ്ട് ഒട്ടേറെ തവണ വെട്ടി. തുടർന്നാണ് ഡോ. മീരയെ കൊലപ്പെടുത്തിയത്.ഇതിനു ശേഷം സിസിടിവിയുടെ ഡിവിആറും വിജയകുമാറിന്റെ ഫോണുകളും കൈവശപ്പെടുത്തി. കൊല നടത്താൻ ഉപയോഗിച്ച കോടാലി വീടിനു പരിസരത്തെ വർക്ക് ഏരിയയിൽനിന്നാണ് എടുത്തതെന്നും അമിത് മൊഴി നൽകി. കൊല നടത്തിയ ശേഷം കോടാലി മീരയുടെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. ഇരുവരെയും ഉറക്കത്തിലാണ് കൊല ചെയ്തതെന്നും അമിത് പറഞ്ഞു.

തിങ്കളാഴ്ച അർധരാത്രി ഓട്ടോറിക്ഷയിൽ തിരുവാതുക്കൽ ജംക്‌ഷനിൽ ഇറങ്ങി. ഇവിടെനിന്നു നടന്നാണ് ശ്രീവത്സം വീട്ടിൽ എത്തിയത്. വീടിനു മുന്നിലെ ചെറിയ ഗേറ്റ് ചാടിക്കടന്ന് മതിൽക്കെട്ടിനുള്ളിലെത്തി. രണ്ടു ജനലുകളും നടുക്ക് പ്രധാന വാതിലുമുള്ള യൂണിറ്റാണ് ശ്രീവത്സം വീട്ടിലേത്.

ഇതിൽ ഒരു ജനാലയുടെ കൊളുത്തിന്റെ ഭാഗത്ത് തടിയിൽ ഹാൻഡ് ഡ്രിൽ ഉപയോഗിച്ച് ചെറു ദ്വാരമുണ്ടാക്കി. ദ്വാരത്തിലൂടെ ഏതോ ഉപകരണം കടത്തി ജനലിന്റെ കുറ്റിയെടുത്ത് ജനൽ തുറന്നു. ജനലിൽക്കയറി നിന്ന് ഉള്ളിലേക്ക് കൈയിട്ട് മുൻവാതിലിന്റെ മുകൾവശത്തെ കുറ്റിയും എടുത്തു. പ്രധാന വാതിലിന് സാധാരണ ഒരു കുറ്റി മാത്രമേ ഇടാറുള്ളൂവെന്ന് പ്രതിക്ക് അറിയാമായിരുന്നു.ഇതോടെ വാതിൽ തുറന്ന് അകത്തുകയറി കൊല നടത്തി.  വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച പ്രതി ഇക്കാര്യങ്ങൾ വിവരിച്ചു നൽകി. പ്രതിയുമായി വീട്ടിൽ എത്തുന്നതിനു മുൻപ് സമീപത്തെ തോടുകളിലും പരിശോധന നടത്തി.  ഡിവിആറും മോഷ്ടിച്ചതിൽ ഒരു മൊബൈൽ ഫോണും ഇങ്ങനെയാണ് കണ്ടെത്തിയത്. വീടിന് 500 മീറ്റർ അകലെ പള്ളിക്കോണം തോട്ടിലെ വെഞ്ചാപ്പള്ളി കടവു പാലം ഭാഗത്തുനിന്നു ഡിവിആറും ഇവിടെനിന്നു 300 മീറ്റർ അകലെ അറുത്തൂട്ടി തോട്ടിൽനിന്നു മൊബൈൽ ഫോണും കണ്ടെത്തി.

അമിതിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പ്രതിയെ ഉച്ചയ്ക്ക് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാരിലൊരാൾ അക്രമിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തൃശൂരിൽനിന്നു മുഖംമൂടി ധരിപ്പിച്ചാണു പ്രതിയെ എത്തിച്ചത്.

ഇൻസ്റ്റയോട് കടുത്ത ഇഷ്ടം: കുരുക്കിയതും ഇൻസ്റ്റ
കോട്ടയം ∙ തിരുവാതുക്കൽ ഇരട്ടക്കൊല കേസിലെ പ്രതി അമിതിനെ കുടുക്കിയത് ഇൻസ്റ്റഗ്രാം ഭ്രമം. ഇൻസ്റ്റഗ്രാം തുറക്കാനുള്ള തത്രപ്പാടാണു പൊലീസിനെ പ്രതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സഹായിച്ചത്. ഫോണിലെ ഗൂഗിൾ അക്കൗണ്ട് ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കണ്ടെത്താതിരിക്കാൻ അമിത് ശ്രമിച്ചിരുന്നു. സ്വന്തം ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ട് ഫോണിൽനിന്നു ഡീ ആക്ടിവേറ്റ് ചെയ്തു.

ഇതിനു ശേഷം സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി. എന്നാൽ ഗൂഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള അമിതിന്റെ ശ്രമം പൊലീസ് സൈബർ വിങ് മനസ്സിലാക്കി. അങ്ങനെ പ്രതിയുടെ ലൊക്കേഷൻ വിവരം കണ്ടെത്തി. ഇതാണു പ്രതിയെ കുടുക്കിയത്. സിം ഊരി മാറ്റി പ്രവർത്തനരഹിതമായ സിം ആണ് അമിത് ഫോണിൽ ഇട്ടിരുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകൾ മനസ്സിലാക്കിയ പൊലീസ് ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

മോനുജ് ഉറാങ് 05 എന്ന പേരിലുള്ള അക്കൗണ്ടാണ് പ്രതിയുടേത്. പ്രൈവറ്റ് അക്കൗണ്ടായ ഇതിന്റെ പേര് 7 തവണ മാറ്റിയിട്ടുണ്ട്. 62 പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. 1082  ഫോളോവേഴ്സുണ്ട്. 2060 പേരെ പിന്തുടരുന്നുമുണ്ട്.പ്രതിയുടെ പക്കൽ നിന്ന് 8 സിം കാർഡുകളും 5 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെത്തി. 

പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ
തിരുവാതുക്കൽ വീട്ടിൽ ഇരട്ടക്കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിൽ പ്രതി തൃശൂരിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ.
ചൊവ്വാഴ്ച പുലർച്ചെ 12.00– 1.00 പ്രതി അമിത് ഉറാങ് തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ഇരട്ടക്കൊലപാതകം നടത്തുന്നു.
1:30– വീടിനടുത്തുള്ള മുഞ്ഞനാട്ടുകര പാലത്തിനു സമീപത്തെ പള്ളിക്കോണം തോട്ടിൽ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എറിഞ്ഞു.
2:00– ശ്രീവത്സം വീട്ടിൽനിന്നു മോഷ്ടിച്ച ഫോൺ അറുത്തൂട്ടി പാലത്തിനു സമീപത്തെ തോട്ടിൽ  ഉപേക്ഷിക്കുന്നു.
3:00നു ശേഷം– കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ എത്തുന്നു.
5:00 – ലോഡ്ജ് മുറി ഒഴിഞ്ഞു. ബസിൽ യാത്ര തുടങ്ങുന്നു.
രാവിലെ 8:00 – ശ്രീവത്സത്തിലെ വീട്ടുജോലിക്കാരി രേവമ്മ മൃതദേഹങ്ങൾ കാണുന്നു. കൊലപാതക വിവരം പുറത്തുവരുന്നു
8: 30– പൊലീസ് സ്ഥലത്ത് എത്തുന്നു. 
ഉച്ച കഴിഞ്ഞു 2.30: അമിത് പെരുമ്പാവുരിലെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. ഇവിടെ പൊലീസ് പരിശോധന ആരംഭിക്കുന്നു.
3:20– പരിശോധനകൾക്കും ഇൻക്വസ്റ്റിനും ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നു.
വൈകിട്ട് 6.30– അമിത് തൃശൂർ ഭാഗത്തേക്ക് കടന്നതായി സൂചന ലഭിക്കുന്നു. കോട്ടയത്തുനിന്നു പൊലീസ് തൃശൂരിലേക്ക്.
രാത്രി 8:00– അമിത് സഹോദരൻ ഗുണ്ടുവിനൊപ്പം തൃശൂർ മാളയ്ക്ക് സമീപം അന്നമനട ആലത്തൂരിലെ തൊഴിലാളി ക്യാംപിൽ എത്തുന്നു.
11.30– അമിത് തൃശൂർ മാളയ്ക്ക് സമീപം അന്നമനട ആലത്തൂരിലുണ്ടെന്ന വിവരം പൊലീസിനു ലഭിക്കുന്നു.

ഇന്നലെ 
പുലർച്ചെ 3:00 – മാള പൊലീസിന്റെ സഹായത്തോടെ കോട്ടയം ജില്ലാ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് തൊഴിലാളി ക്യാംപ് വളയുന്നു.
3.30– അമിതിനെയും സഹോദരനെയും മറ്റു 2 പേരെയും കസ്റ്റഡിയിലെടുക്കുന്നു.
രാവിലെ 9.30– അമിതുമായി പൊലീസ് കോട്ടയത്തേക്ക്.
ഉച്ചയ്ക്ക് 1.30– കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അമിതിനെ എത്തിച്ച് ചോദ്യം ചെയ്യുന്നു.
3.30– ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന.
4.30– കൊലപാതകം നടന്ന വീടിനു സമീപത്ത് പ്രതിയുമായി പരിശോധന. ഡിവിആറും ഫോണും വലിച്ചെറിഞ്ഞ തോടുകളിൽ പരിശോധന. തെളിവുകൾ കണ്ടെടുക്കുന്നു.
6.45–  വീട്ടിൽ തെളിവെടുപ്പ് നടത്തി വെസ്റ്റ് സ്റ്റേഷനിലേക്ക് മടക്കം.

English Summary:

The Kottayam double murder case unfolded with Amit Urang's confession in Thiruvathukkal. The police traced Amit through his Instagram activity, leading to his arrest within 24 hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com