മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്; പൊതുപ്രകടനം ഒഴിവാക്കി: വാഹന പാർക്കിങ് ക്രമീകരണം ഇങ്ങനെ

Mail This Article
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ ഇന്നു (29) വിവിധ പരിപാടികളിൽ പങ്കെടുക്കും. കോട്ടയത്തും കുറിച്ചിയിലുമാണ് പരിപാടികൾ. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് രാവിലെ 10.30 നു ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെന്ററിൽ വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും.
വൈകിട്ട് 4നു നെഹ്റു സ്റ്റേഡിയത്തിൽ എൽഡിഎഫ് മഹാ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന പൊതുപ്രകടനം ഒഴിവാക്കി. നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്ക് മുൻപായി 3.30നു കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയത്തിന്റെ സമർപ്പണവും നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വാഹന പാർക്കിങ് ക്രമീകരണം ഇങ്ങനെ
കോട്ടയം ∙ ഇന്ന് നടക്കുന്ന എൽഡിഎഫ് സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ വാഹന പാർക്കിങ് ക്രമീകരണം:
∙ പാലാ, പൂഞ്ഞാർ, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഭാഗത്ത് നിന്നു എത്തുന്ന വാഹനങ്ങൾ നെഹ്റു സ്റ്റേഡിയത്തിന് സമീപം റൗണ്ടാനയിൽ ആളെ ഇറക്കിയ ശേഷം കോടിമത, മണിപ്പുഴ ബൈപാസ് റോഡിൽ വാഹനം പാർക്ക് ചെയ്യണം.
∙ ഏറ്റുമാനൂരിൽ നിന്നു എത്തുന്ന വാഹനങ്ങൾ നാഗമ്പടം എസ്എൻഡിപി ക്ഷേത്ര മൈതാനത്തും എസ്എച്ച് മൗണ്ട് റോഡിലുമായി പാർക്ക് ചെയ്യണം.
∙ കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തുന്ന വാഹനങ്ങൾ നാഗമ്പടം സ്വർഗീയ വിരുന്ന് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
∙ ചങ്ങനാശേരി ഭാഗത്ത് നിന്നു എത്തുന്ന വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിന്റെ ഒരുവശം മുതൽ കഞ്ഞിക്കുഴി മുനിസിപ്പൽ മൈതാനം വരെ പാർക്ക് ചെയ്യണം.
∙ വാഴൂർ, പുതുപ്പള്ളി, അയർക്കുന്നം ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ സിഎംഎസ് കോളജ് ഗ്രൗണ്ടും പരിസരത്തുമായി പാർക്ക് ചെയ്യണം.
∙ കോട്ടയം ഏരിയയിൽ നിന്നും എത്തുന്ന വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡ് മൈതാനത്തും, കാരാപ്പുഴ റോഡിലുമായി പാർക്ക് ചെയ്യണം.