മുണ്ടക്കയത്തെത്തി; മൂക്ക് പൊത്തിക്കോ...; ടൗണിനു സമീപത്തെ ഓടയിൽ നിന്ന് ദുർഗന്ധം

Mail This Article
മുണ്ടക്കയം ∙ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ച മുണ്ടക്കയത്ത് മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ടൗണിൽ നിന്ന് 200 മീറ്റർ അകലെ പെട്രോൾ പമ്പ് കവല മുതൽ പഴയ ഗാലക്സി തിയറ്റർ പരിസരം വഴി പൈങ്ങണ തോട്ടിൽ വരെ എത്തുന്ന ഓടയിൽനിന്നാണ് രൂക്ഷമായി ദുർഗന്ധം വമിക്കുന്നത്.പീപ്പിൾ ആശുപത്രിയുടെ പിന്നിലൂടെയാണ് ഓട കടന്നുപോകുന്നത്. സ്ലാബുകൾ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള ഇവിടെ ദുർഗന്ധം മൂലം രോഗികളും ദുരിതത്തിലാകുന്നുവെന്ന് ഡോ. ജയ രാജൻബാബു പറഞ്ഞു. പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
ടൗണിൽ കൂട്ടിക്കൽ റോഡ് മുതലുള്ള ഭാഗത്തെ വെള്ളം ഒഴുകിപ്പോകാനുള്ള ഓടയാണിത്. ഓടയിലേക്ക് മാലിന്യങ്ങൾ തള്ളുന്നതാണ് രൂക്ഷമായ ദുർഗന്ധത്തിനു കാരണം. മഴയുള്ള സമയത്താണ് ദുർഗന്ധം രൂക്ഷമാകുന്നത്. 4 വർഷം മുൻപ് ടൗണിലെ ഹോട്ടലിലെ മലിനജലം ഇൗ ഓടയിലൂടെ ഒഴുക്കിയത് ആരോഗ്യ വകുപ്പ് കണ്ടെത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നം രൂക്ഷമായിട്ടും ഇപ്പോൾ നടപടി ഉണ്ടാകുന്നില്ല. ഓടയിൽ നിന്നുള്ള അഴുക്കുവെള്ളം ഒഴുകി പൈങ്ങണ തോട്ടിലും ഇവിടെ നിന്നു മണിമലയാറ്റിലും എത്തുന്നു. ഇതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായേക്കാം.