റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണി

Mail This Article
കറുകച്ചാൽ ∙ വാഴൂർ – ചങ്ങനാശേരി റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണിയാകുന്നു. അണിയറപ്പടി മുതൽ കാഞ്ഞിരപ്പാറ വരെ ഒട്ടേറെ മരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. കേടു വന്നും ഇത്തിൾ കയറിയും ചുവടു ദ്രവിച്ചും നിൽക്കുന്ന മരങ്ങൾ മഴക്കാലത്ത് റോഡിലേക്കു കടപുഴകി വീഴുന്നതും വൈദ്യുത ലൈൻ, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കു നാശം ഉണ്ടാകുന്നതും പതിവാണ്.
പരാതിയുയർന്നപ്പോൾ കുറച്ചു മരങ്ങൾ പൊതുമരാമത്ത് റോഡ് വിഭാഗം മുറിച്ചു മാറ്റുകയും ശിഖരം മുറിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം അണിയറപ്പടി ഭാഗത്ത് 5 മരങ്ങളാണ് ഒടിഞ്ഞും പിഴുതും വീണത്. ചമ്പക്കര പള്ളിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിൽ താന്നിമരം വീണു. ഈ മരം മുറിക്കണമെന്നു കാണിച്ചു സമീപവാസികൾ ഒരു വർഷം മുൻപു പരാതി നൽകിയതാണ്. മൈലാടിയിൽ കെട്ടിടത്തിനു മുകളിൽ ആഞ്ഞിലി മരത്തിന്റെ ശിഖരം വീണു മേൽക്കൂരയും മതിലും തകർന്നു. കാഞ്ഞിരപ്പാറയിൽ കാറുകൾക്കു മുകളിൽ വാകമരത്തിന്റെ ചില്ലകൾ വീണ് അപകടമുണ്ടായി.