ADVERTISEMENT

കോട്ടയം ∙ അമ്മമാർ പത്താം ക്ലാസ് വിജയിച്ചതിനു തൊ‌ട്ടുപിന്നാലെ മക്കൾക്കും മിന്നുംവിജയം. അമ്മമാർക്കും മക്കൾക്കും ഇനി പ്ലസ് വണിന്റെ പഠനപാത. സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യതാപരീക്ഷയിലാണ് അമ്മമാർ വിജയം നേടിയത്. എസ്എസ്എൽസി പരീക്ഷയിലാണ് മക്കളുടെ ജയം. കുറിച്ചി തെക്കേപ്പറമ്പിൽ പി.എം.ബിജിമോൾ സാക്ഷരത മിഷന്റെ ചങ്ങനാശേരി കേന്ദ്രത്തിലാണ് പഠിച്ചത്. തയ്യൽ ജോലിയാണ്. ഭർത്താവ് ടി.യു.ആന്റണിക്ക് പെയ്ന്റിങ് പണിയാണ്.

ഇവരുടെ മകൾ ഡോണ മരിയ ആന്റണി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വീട്ടിലെ പഠനത്തിന്റെ ആഹ്ലാദം ഇരട്ടിയാക്കിയത്. ഇത്തിത്താനം എച്ച്എസ്എസിലായിരുന്നു പഠനം. ഇനി അവിടെ തന്നെ പ്ലസ് വണിനു ചേരാനാണ് താൽപര്യം.പാറത്തോട് ഇടക്കുന്നം പുത്തൻപ്ലാക്കൽ കെ.എ.സീനത്ത് ബീവി കാഞ്ഞിരപ്പള്ളി സാക്ഷരതാ മിഷൻ കേന്ദ്രത്തിലാണ് പഠിച്ചത്. ഭർത്താവ് പരേതനായ നൗഷാദ്. ഇവരുടെ ഇരട്ടക്കുട്ടികളായ റിസ്വാൻ നൗഷാദ് ടെക്നിക്കൽ ഹൈസ്കൂളിലും രുക്സാന നൗഷാദ്  ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലുമാണ് പഠിച്ചത്. 

ഉയർന്ന മാർക്കോടെയാണ് ഇരുവരുടെയും പത്താം ക്ലാസ് ജയം. പലകാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെപോയവർക്കു സഹായകരമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സാക്ഷരതാ മിഷനാണു തുല്യതാ പരീക്ഷകൾ നടത്തുന്നത്. ജില്ലയിൽ 4 കേന്ദ്രങ്ങളാണ് സാക്ഷരതാ മിഷനുള്ളതെന്നും പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പുതിയ ബാച്ചിന്റെ റജിസ്ട്രേഷൻ ആരംഭിച്ചതായും സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.വി.വി.മാത്യു പറഞ്ഞു.

English Summary:

Literacy Mission success stories highlight Kottayam mothers and their children achieving educational milestones simultaneously. Mothers passed their 10th equivalency exams, while their children aced the SSLC, opening doors to further education for both generations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com