കോട്ടയം റെയിൽവേ സ്റ്റേഷൻ: രണ്ടാം കവാടം ഉദ്ഘാടനം നവംബറിലെന്ന് റെയിൽവേ

Mail This Article
കോട്ടയം∙ കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം നിർമാണം പൂർത്തിയായി നവംബറിൽ ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്നു റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് വിളിച്ചു ചേർത്ത തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ കെ.ഫ്രാൻസിസ് ജോർജ് എംപിക്കാണ് റെയിൽവേ ഈ ഉറപ്പ് നൽകിയത്. രണ്ടാം കവാടം താൽക്കാലികമായി തുറന്നു ടിക്കറ്റ് നൽകുന്നുണ്ട്. ഇവിടെ വാഹന പാർക്കിങ് അടക്കം ആരംഭിച്ചിട്ടില്ല. നിർമാണം പൂർത്തിയാക്കി പൂർണമായി രണ്ടാം കവാടം നവംബറിൽ ഉദ്ഘാടനം ചെയ്യാമെന്നാണ് റെയിൽവേ അറിയിപ്പ്.
യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ഉയർത്തിയ ആവശ്യങ്ങൾ
∙ കോട്ടയം റെയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനാക്കണം. 1എ, 5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി 6 പ്ലാറ്റ്ഫോമുകളും പൂർണ അർഥത്തിൽ ഉപയോഗ യോഗ്യമാക്കണം.
∙ എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 6 ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണം. എറണാകുളം– ബെംഗളൂരു ഇന്റർ സിറ്റി, എറണാകുളം– കാരയ്ക്കൽ, എറണാകുളം– മഡ്ഗാവ്, എറണാകുളം– പുണെ, എറണാകുളം– ലോക്മാന്യതിലക് തുരന്തോ, പാലക്കാട്– എറണാകുളം മെമു എന്നീ ട്രെയിനുകളാണ് നീട്ടേണ്ടത്.
∙ കുറുപ്പന്തറ, കുരീക്കാട്, കടുത്തുരുത്തി റെയിൽവേ മേൽപാലങ്ങൾ ഉടൻ പൂർത്തിയാക്കണം.
∙ വൈക്കം റോഡ് സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണം. ഇവിടെ വഞ്ചിനാട്, വേണാട്, പരശുറാം എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം.
∙ കോട്ടയത്തെ റിസർവേഷൻ കൗണ്ടറിലെ ആൾക്ഷാമം പരിഹരിക്കണം.
∙ ഏറ്റുമാനൂരിലെ അമൃത് ഭാരത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം. വഞ്ചിനാട്, മലബാർ, ഐലൻഡ് എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണം.
∙ കോട്ടയത്തെ പൊളിച്ചിട്ടിരിക്കുന്ന മദർ തെരേസ റോഡ് നിർമാണം ഉടൻ ആരംഭിക്കണം.
∙ ചിങ്ങവനം, കുറുപ്പന്തറ, കാഞ്ഞിരമറ്റം, കടുത്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകൾ അപ്ഗ്രേഡ് ചെയ്യണം.
∙ പിറവം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം.
∙ എറണാകുളം– വേളാങ്കണ്ണി ട്രെയിനിനു എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ കൂടുതൽ സ്റ്റോപ് അനുവദിക്കണം.
കുമാരനല്ലൂരിൽ കാൽനടപ്പാലമോ അടിപ്പാതയോ?
കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനു സമീപം പാളം കുറുകെ കടക്കാൻ കാൽനട മേൽപാലമോ അടിപ്പാതയോ നിർമിക്കാൻ ധാരണ. ഇതു സംബന്ധിച്ച സാധ്യതാ പഠനത്തിനു റെയിൽവേ ബോർഡിന്റെ അനുമതി തേടി. ഏതാണ് സാധ്യമാകുന്നതെന്ന പഠനം നടത്തി വേഗത്തിൽ നടപ്പാക്കുമെന്നു റെയിൽവേ അറിയിച്ചു.