സ്റ്റാർ ജംക്‌ഷനിൽ കലുങ്ക് നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; ശുദ്ധജല വിതരണം മുടങ്ങി

Mail This Article
കോട്ടയം ∙ ദേശീയപാതയിൽ സ്റ്റാർ ജംക്‌ഷനിലെ കലുങ്ക് നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി. നഗരസഭയിലെ 20,29 വാർഡുകളിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങി. കലുങ്ക് വീതികൂട്ടുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിർമാണ പ്രവർത്തനം നടത്തുന്നതിനിടെ ഈ ഭാഗത്തുകൂടി കടന്നു പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയായിരുന്നു. തകരാർ നേരിട്ട പൈപ്പിലൂടെയുള്ള പമ്പിങ് ജലഅതോറിറ്റി നിർത്തി വച്ചു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചതായി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വെള്ളക്കെട്ടിന് പരിഹാരമായി കലുങ്ക് നിർമാണം
മഴക്കാലത്തു സ്റ്റാർ ജംക്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണു ദേശീയപാത അതോറിറ്റി നിലവിലുള്ള ഇടുങ്ങിയ കലുങ്ക് നവീകരിക്കാൻ നിർമാണം ആരംഭിച്ചത്. ദേശീയപാത അതോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ കലുങ്കിനു വീതി കുറവെന്നും മാലിന്യം അടിഞ്ഞു ഒഴുക്ക് തടസപ്പെട്ടെന്നും കണ്ടെത്തി. ഇതോടെ പഴയ കലുങ്ക് പൊളിച്ച് പുതിയ കലുങ്ക് സ്ഥാപിക്കാനുള്ള ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചു. കലുങ്കിന്റെ സ്ഥാനത്തു മൂന്ന് മീറ്റർ ആഴത്തിൽ കുഴിയെടുത്തു.
സിംഗിൾ ലൈൻ ഗതാഗത ക്രമീകരണം
കലുങ്ക് നിർമാണം നടക്കുന്നതിനാൽ സ്റ്റാർ ജംക്‌ഷനിൽ സിംഗിൾ ലൈൻ ഗതാഗത ക്രമീകരണം നിലവിൽ വന്നു. ഒരു ഭാഗത്തെ ജോലികൾ പൂർത്തീകരിച്ച ശേഷം മറുഭാഗത്തും കുഴിയെടുക്കണം. നിർമാണ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കുമെന്നു അധികൃതർ അറിയിച്ചു.