കനത്ത മഴയിൽ മീനച്ചിലാറിലൂടെ ഒഴുകിയത് മലമ്പുഴ ഡാമിലെ ജലത്തിന്റെ രണ്ടിരട്ടി

Mail This Article
കോട്ടയം ∙ പെരുമഴയും വെള്ളപ്പൊക്കവും വലച്ച കഴിഞ്ഞയാഴ്ച മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയ അധികജലം മലമ്പുഴ ഡാമിലെ ഉപയോഗയോഗ്യമായ ജലത്തിന്റെ രണ്ടര ഇരട്ടി. മറ്റൊരു കണക്കു പറഞ്ഞാൽ മീനച്ചിലാറ്റിലൂടെ ഒഴുകിയ വെള്ളം കൊല്ലം ജില്ലയിലെ കല്ലട ഡാമിലെ ഉപയോഗ യോഗ്യമായ വെള്ളത്തെക്കാളും കൂടുതലാണ്. മണിമലയാറ്റിലൂടെ മലമ്പുഴ ഡാമിൽ ഉപയോഗ യോഗ്യമായ അത്ര വെള്ളവും ഒഴുകി. ഇറിഗേഷൻ വകുപ്പിന്റെ ഭാഗമായ ജില്ലാ ഹൈഡ്രോളജി വിഭാഗം മഴ കനത്ത മേയ് 24 മുതൽ 31 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ആറ്റിൽ മേയ് 24 ലെ നിരപ്പിനു മുകളിൽ അധികമായി ഒഴുകിയ വെള്ളത്തിന്റെ കണക്ക്.

കിഴക്ക് പെയ്താൽ പടിഞ്ഞാറ് മുങ്ങും
കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്താൽ പടിഞ്ഞാറൻ മേഖല മുങ്ങുമെന്ന സ്ഥിതിയിൽ കോട്ടയം. മേയ് 26നും 27നുമായി 217 മില്ലിമീറ്റർ മഴയാണ് മീനച്ചിലാറിന്റെ കിഴക്കൻ മേഖലയായ തീക്കോയിയിൽ രേഖപ്പെടുത്തിയത്. ഈരാറ്റുപേട്ടയിൽ ഈ ദിവസങ്ങളിൽ 216 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി തീക്കോയി മുതൽ കുമരകം വരെയുള്ള മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായി.