ADVERTISEMENT

വൈക്കം ∙ ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടേതു (54) മുങ്ങിമരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം. ശരീരത്തിനുള്ളിൽനിന്നു ചെളിയും ആറ്റിലെ വെള്ളവും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തിലും കാലിലുമായി 10 ഇഷ്ടികകൾ കെട്ടിയിരുന്നതു സംശയമുണ്ടാക്കിയിരുന്നു. ശരീരത്തിൽ നിന്നു ലഭിച്ച ചെളിയും വെള്ളവും ഇതേ സ്ഥലത്തേതാണോ എന്നു പരിശോധിക്കാനായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇഷ്ടികകൾ കെട്ടിയ കയർ കഴുത്തിൽ 2 പ്രാവശ്യം ചുറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ഷെ‍ഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളിൽ കയർ മുറുക്കിയശേഷം ആറിന്റെ തീരത്തെത്തി അവ ശരീരത്തിൽകെട്ടി ചാടിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. ഇഷ്ടികയെടുത്ത് എഴുന്നേൽക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞതാകാമെന്നും നിലത്തു ചിതറിക്കിടന്ന കശുവണ്ടി അപ്പോൾ ബെഞ്ചിൽനിന്ന് വീണതാകാമെന്നും പൊലീസ് വിശദീകരിക്കുന്നു. തോട്ടകം അട്ടാറപ്പാലത്തിനു പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്തു ഫാം നടത്തുന്ന വിപിനെ തിങ്കളാഴ്ച പുലർച്ചെയാണു കാണാതായത്. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ ഫാമിൽനിന്ന് 150 മീറ്റർ അകലത്തിൽ കരിയാറ്റിൽ മരത്തിൽ ഉടക്കിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വൈക്കം എസ്എച്ച്ഒ എസ്.സുഘേഷിനാണ് അന്വേഷണച്ചുമതല.

വിപിന്റെ ഭാര്യ പറയുന്നു ‘ആറാം ക്ലാസ് മുതൽ അറിയാം; ആത്മഹത്യ‌ അല്ലെന്ന് ഉറപ്പ്’

∙ ‘ആറാം ക്ലാസ് മുതൽ എനിക്കു വിപിനെ അറിയാം. ഒരുമിച്ചു പഠിച്ചതാണ്. അക്രമ വാർത്തകൾ കാണുന്നതുപോലും ഒട്ടും ഇഷ്ടമില്ലാതിരുന്ന ആളാണ്. അങ്ങനെ ഒരാൾ ഇഷ്ടിക സ്വയം കെട്ടി പുഴയിൽച്ചാടുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കടമാണ് കാരണമെങ്കിൽ ഇതിനെക്കാൾ മോശമായ സാഹചര്യമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 9നു വിളിക്കുമ്പോൾ പിറ്റേന്നു മകളെ കൊണ്ടാക്കാൻ വരുമെന്നു പറഞ്ഞിട്ടാണു ഫോൺ വച്ചത്’ – വിപിന്റെ ഭാര്യ അനില പറഞ്ഞു.

കാണാതായെന്ന പരാതി കൊടുത്തിട്ടും യാത്ര പോയതായിരിക്കാമെന്നായിരുന്നു പൊലീസ് നിലപാട്. സാധാരണ ഉപയോഗിക്കാത്ത വഴിയിലൂടെ പൊലീസ് നായ പോയിട്ടുപോലും കാര്യമായ അന്വേഷണം നടന്നില്ല. ആത്മഹത്യ ചെയ്യാനാണെങ്കിൽ രാസവസ്തുക്കൾ അടക്കമുള്ള ഒട്ടേറെ വേറെ കാര്യങ്ങൾ ഫാമിലുണ്ടായിരുന്നു. ഇത്രയും ഭാരമുള്ള ഇഷ്ടികകൾ ചുമന്ന് ഒരാൾക്ക് എങ്ങനെയാണ് ആറ്റിലേക്ക് ചാടാനാകുന്നതെന്നും അനില ചോദിക്കുന്നു.

English Summary:

Drowning was the cause of death for Vipin Nair, a fish farm owner in Vaikom, Kerala, according to investigators. However, the discovery of bricks tied to his body has raised suspicion leading to further investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com