ADVERTISEMENT

മുണ്ടക്കയം ഇൗസ്റ്റ് ∙ മതമ്പ കവലയ്ക്കു സമീപം 53 വർഷമായി പ്രവർത്തിക്കുന്ന എ.ആർ.ഡി 112–ാം നമ്പർ റേഷൻ കടയിലെ റജിസ്റ്ററിൽ ഓരോ വർഷവും ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു! 1972ൽ കുഞ്ഞുബാവ എന്നയാൾ റേഷൻ കട ആരംഭിച്ചപ്പോൾ എസ്റ്റേറ്റ് തൊഴിലാളികളും എസ്റ്റേറ്റിന് വെളിയിൽ താമസിക്കുന്നവരും ഉൾപ്പെടെ 683 ഗുണഭോക്താക്കൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ 70 റേഷൻ കാർഡുകൾ മാത്രമാണ് ഉള്ളതെന്ന് മകൻ റഷീദ് പറയുന്നു.വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതോടെ ജില്ലയുടെ അതിർത്തി പ്രദേശമായ മതമ്പയിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറുന്നതാണ് കാരണം.  ഇവിടേക്ക് ഉണ്ടായിരുന്ന ബസുകളും സർവീസ് നിർത്തി. ഇപ്പോൾ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഇടപെടലിനെ തുടർന്ന് തൊഴിലാളികൾക്ക് ആശ്വാസമായി ഒരു ബസ് മതമ്പയിൽ എത്തുന്നുണ്ട്.

​ആ ആന...
മതമ്പ പള്ളിയുടെ എതിർവശത്തുള്ള മലയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന.  
ചിത്രം: മനോരമ
​ആ ആന... മതമ്പ പള്ളിയുടെ എതിർവശത്തുള്ള മലയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന. ചിത്രം: മനോരമ

ഇന്നലെയും കണ്ടു ഒറ്റയാനെ
മതമ്പ പള്ളിയുടെ എതിർവശത്തെ മലയിൽ ഇന്നലെയും ആ കാട്ടാന നിൽപ്പുണ്ടായിരുന്നു. ഫെബ്രുവരി 10നാണ് ഇതേ ആന ചെന്നാപ്പാറ കൊമ്പൻപാറയിൽ സോഫിയയെ ആക്രമിച്ച് ജീവനെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പലതവണ ആനയെ വനത്തിലേക്ക് ഓടിക്കാൻ ശ്രമം നടത്തി.  കഴിഞ്ഞ ദിവസങ്ങളിലായി കുട്ടിയാനകൾ ഉൾപ്പെടെ 19 ആനകളുടെ കൂട്ടം പ്രദേശത്ത് എത്തിയിരുന്നു. 

എസ്റ്റേറ്റ് കെട്ടിടത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. സമീപത്തെ വൈദ്യുതി പോസ്റ്റ് തള്ളി മറിച്ചിടാൻ ശ്രമിച്ചു. ഇവിടെ താമസിച്ചിരുന്ന ചന്ദ്രനും കുടുംബവും സമീപത്തെ ലയത്തിലേക്കു താമസം മാറിയിരുന്നതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. പകൽ സമയങ്ങളിൽ ഇൗ പ്രദേശത്ത് കൂടി പോകാൻ തൊഴിലാളികളും ഭയക്കുകയാണ്.  കുട്ടികൾ സ്കൂളിൽ പോകുന്ന വഴികളിലാണ് പലപ്പോഴും ആനകൾ നിലയുറപ്പിക്കുന്നത്. സമീപമുള്ള കൊമ്പുകുത്തി, ചെന്നാപ്പാറ, കൊയ്നാട് പ്രദേശങ്ങളിലും കാട്ടാനകൾ എത്താറുണ്ട്

English Summary:

Human-wildlife conflict forces relocation near Mundakkayam: The ARD 112 ration shop in Mathamba, Kerala, sees a drastic drop in registered beneficiaries due to increasing wild elephant attacks and reduced transportation. This has resulted in residents moving to safer areas, leaving behind their homes and livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com