വെള്ളമിറങ്ങിയാൽ പഠിക്കാമായിരുന്നു; വെള്ളക്കെട്ട് കാരണം മൂന്നാഴ്ചയായിട്ടും കരീമഠം ഗവ.സ്കൂൾ തുറന്നില്ല

Mail This Article
കുമരകം ∙ അധ്യയന വർഷം തുടങ്ങി മൂന്നാഴ്ചയാകാറായിട്ടും കരീമഠം ഗവ. വെൽഫെയർ യുപി സ്കൂൾ തുറന്നിട്ടില്ല. ഇവിടത്തെ 27 കുട്ടികളുടെ പഠനം മുടങ്ങിക്കിടക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന വികെവി പാടശേഖരത്ത് വെള്ളം നിറഞ്ഞതോടെ മൈതാനം വെള്ളത്തിലായതാണു കാരണം. മൈതാനത്തുനിന്ന് വെള്ളം ഇറങ്ങുന്ന വിധം പമ്പിങ് നടത്തി 23ന് സ്കൂൾ തുറക്കണമെന്ന് കലക്ടർ ജോൺ വി.സാമുവൽ അയ്മനം പഞ്ചായത്ത്, കൃഷി ഓഫിസർ, പാടശേഖര സമിതി എന്നിവർക്കു നിർദേശം നൽകി. ഇന്നലെ പഞ്ചായത്തിൽ യോഗം ചേർന്നെങ്കിലും വെള്ളം വറ്റിക്കുന്നതിനു തീരുമാനമായില്ല. സ്കൂൾ പ്രവർത്തിക്കുന്നത് പാടശേഖരത്തിന്റെ പുറം ബണ്ടിലാണ്.
വെള്ളപ്പൊക്ക സമയത്ത് പാടത്ത് മട വീണു വെള്ളം കയറി. വെള്ളം വറ്റിക്കുന്ന കാര്യത്തിൽ പാടശേഖര സമിതി വീഴ്ച വരുത്തിയെന്നാണു സ്കൂളിന്റെ പരാതി. കഴിഞ്ഞ മാസം 26 മുതൽ മഴ ശക്തമായി. ജല നിരപ്പ് ഉയർന്നു പാടത്തു വെള്ളം നിറഞ്ഞു. സ്റ്റാഫ് റൂമിൽ മുട്ടറ്റം വെള്ളം കയറിയിരുന്നു. ഇതേത്തുടർന്ന് ജൂൺ 2ന് സ്കൂൾ തുറന്നില്ല. വെള്ളം ഇറങ്ങിയതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചെങ്കിലും വീണ്ടും മൈതാനത്ത് വെള്ളം കയറി. കുട്ടികളുടെ പഠനം മുടങ്ങിയതോടെ പിടിഎ കലക്ടർക്കു പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും സമാന സാഹചര്യം മൂലം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ തുറന്നിരുന്നില്ല.