മാലിന്യമുക്തം പ്രഖ്യാപനങ്ങളിൽ മാത്രം; മാലിന്യം നീക്കാതെ കുറവിലങ്ങാട്

Mail This Article
കുറവിലങ്ങാട് ∙മാലിന്യമുക്ത നവകേരളം പ്രഖ്യാപനം കഴിഞ്ഞിട്ട് അധികകാലം ആയില്ല. പക്ഷേ കാര്യങ്ങൾ ഒൗദ്യോഗിക പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ അവസ്ഥയാണ് മേഖലയിലെ പഞ്ചായത്തുകളിൽ. ആഘോഷത്തോടെ സമ്മേളനവും പുരസ്കാര ദാനവും നടത്തിയെങ്കിലും കുറവിലങ്ങാട് മേഖലയിലെ പഞ്ചായത്തുകളിൽ ഇപ്പോഴും മാലിന്യം നീക്കം ചെയ്യുന്നതിനു കൃത്യമായ സംവിധാനം ഇല്ല. റോഡരികത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് ഇപ്പോഴും തുടരുന്നു.∙പട്ടിത്താനം മുതൽ പുതുവേലി വരെ എംസി റോഡിന്റെ വശങ്ങൾ, കോഴാ പാലാ റോഡിന്റെ വശങ്ങൾ, ഗ്രാമീണ റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിലൊക്കെ ചാക്കിൽ കെട്ടി മാലിന്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു.
പല സ്ഥലത്തും വഴിയോരം വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ ചാക്കിൽ കെട്ടി സാനിറ്ററി നാപ്കിൻ ഉൾപ്പെടെ തള്ളിയ അവസ്ഥ. എംവിഐപി കനാൽ, കുറവിലങ്ങാട് വലിയ തോട് എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നു.പൊതു സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം, മാലിന്യം യഥാസമയം നീക്കം ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ സർക്കാർ നൽകിയിരുന്നു. എന്നാൽ കുറവിലങ്ങാട് മേഖലയിൽ ഒരു സ്ഥലത്തു പോലും പുതിയ ബിന്നുകൾ സ്ഥാപിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.∙പൊതു ഇടങ്ങൾ വാൾ പെയ്ന്റിങ് ചെയ്തു മനോഹരമാക്കണം എന്നതായിരുന്നു മറ്റൊരു നിർദേശം. ഇതും നടപ്പായില്ല.
∙എല്ലാ പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കണം, സൗന്ദര്യവൽക്കരണം നടപ്പാക്കണം, പ്രധാന ജംക്‌ഷനുകൾ, മാർക്കറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ തുടങ്ങിയവ വൃത്തിയാക്കണം തുടങ്ങിയ നിർദേശങ്ങളും പാലിക്കപ്പെട്ടില്ല.∙തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾക്കായി പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയമിക്കണമെന്ന നിർദേശവും കൃത്യമായി പാലിക്കപ്പെട്ടില്ല.∙മേഖലയിലെ 6 പഞ്ചായത്തുകളിൽ കുറവിലങ്ങാട് പഞ്ചായത്തിൽ മാത്രമാണ് മാലിന്യ സംസ്കരണ പ്ലാന്റ് ഉള്ളത്. മറ്റു പഞ്ചായത്തുകൾ മാലിന്യ സംസ്കരണത്തെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഇല്ല.∙
കോഴായിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിൽ ടൺ കണക്കിനു മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി കുറവിലങ്ങാട് ടൗണിനു സമീപം പഴയ സിനിമ തിയറ്റർ വാടകയ്ക്കെടുത്ത് അവിടെയും മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഏതാനും മാസങ്ങളായി ഇവിടെ നിന്നുള്ള മാലിന്യനീക്കം നിലച്ച അവസ്ഥയാണ്.കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമന്ദിരത്തിനു സമീപത്തു തന്നെയാണ് പ്ലാസ്റ്റിക് പൊടിച്ചു തരിയാക്കുന്ന യൂണിറ്റ്.
കേന്ദ്രത്തിന്റെ പ്രവർത്തനം സ്വകാര്യ ഏജൻസിക്ക് കൈമാറിയിട്ടു രണ്ടു വർഷമായി. അതിഥിത്തൊഴിലാളികളുടെ സഹായത്തോടെ തരംതിരിച്ചു കെട്ടുകളാക്കി മാറ്റിയാണ് മാലിന്യം കൊണ്ടുപോകുന്നത്. ഗുണനിലവാരം അനുസരിച്ചു വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും അയയ്ക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിന് ഷെഡ് നിർമിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് 15 ലക്ഷം രൂപയുടെ പദ്ധതി ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.