ADVERTISEMENT

കോട്ടയം ∙ വയലാർ രാമവർമയുടെ കവിതാവാസന പരിപോഷിപ്പിച്ചതിൽ ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറിക്ക് സവിശേഷമായ പങ്കുണ്ട്. ലൈബ്രറിയിൽ നിന്ന് വയലാർ ആദ്യമെടുത്ത് വായിച്ചത് ചങ്ങമ്പുഴയുടെ ‘രമണൻ’. അമ്മ അംബാലിക തമ്പുരാ‌ട്ടിയോടും അമ്മാവൻ കേരള വർമയോടുമൊപ്പം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭജനമിരിക്കാൻ എത്തിയപ്പോഴാണ് വയലാർ രാമവർമ എസ്എംഎസ്എം ലൈബ്രറിയിൽ അംഗത്വമെടുത്തത്. കഥാകാരനായ കാരൂർ നീലകണ്ഠപിള്ളയുമായുള്ള പരിചയമാണ് ലൈബ്രറിയിലെത്താൻ കാരണം.

വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി എഴുതിയ ‘ഇന്ദ്രധനുസ്സിൻ തീരത്ത്’ എന്ന ഓർമക്കുറിപ്പുകളിൽ ക്ഷേത്രത്തിൽ ഭജനം ഇരുന്നതിനെപ്പറ്റി പറയുന്നുണ്ട്. ‘ഏഴര വെളുപ്പിന് എഴുന്നേറ്റ് നിർമാല്യം തൊഴുകയും മുടങ്ങാതെ എല്ലാ പൂജകൾക്കും ശ്രീകോവിലിനു മുന്നിൽ നിർവൃതിയോടെ കൈകൂപ്പി നിൽക്കുകയും ചെയ്തിരുന്ന ഭക്തൻ! ഏറ്റുമാനൂർ ക്ഷേത്രത്തിലെ വടക്കേനടയിൽ ഭസ്മ ചന്ദനങ്ങളും രുദ്രാക്ഷ മാലയുമണിഞ്ഞ് ധ്യാനിച്ചിരുന്ന ആ പഴയ പതിനെട്ടു വയസ്സുകാരൻ ഭക്തനെയോർത്ത് പിൽക്കാലത്ത് അദ്ദേഹം തന്നെ ചിരിക്കുമായിരുന്നു.’

പടിഞ്ഞാറേനടയിലെ ആൽമരച്ചോട്ടിലെ സായാഹ്ന കൂട്ടായ്മയിൽ വച്ചാണ് കാരൂരിനെ വയലാർ പരിചയപ്പെട്ടതെന്നു മുൻ ലൈബ്രറേറിയൻ വെട്ടിക്കൽ അമ്പലത്താനിയിൽ എൻ.നാരായണ പിള്ള ഓർമിച്ചു.

വയലാർ കുറിച്ച വരികളും ഒപ്പും ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ സൂക്ഷിച്ചിരുന്നു. ലൈബ്രറിയാണ് തന്നിലെ കവിയെ ഉണർത്തിയതെന്നും പിന്നീട് വയലാർ പറഞ്ഞിട്ടുണ്ട്.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി 1917 ൽ ആരംഭിച്ച ലൈബ്രറിയിൽ ഇപ്പോൾ 60,000 പുസ്തക ശേഖരവും 8000 അംഗങ്ങളുമുണ്ട്. ജി.പ്രകാശ് ( പ്രസി), പി. രാജീവ് ചിറയിൽ (സെക്ര) എന്നിവർ അടങ്ങിയ ഭരണ സമിതിയാണ് നിലവിലുള്ളത്.

English Summary:

Vayalar Rama Varma's poetic journey began at the Ettumanoor SMSM Library. His early borrowing of Changampuzha's 'Ramanan' and his association with the library significantly influenced his literary development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com