ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം. ചിറക്കടവ്, മണിമല പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടുതലായി കണ്ടെത്തിയത്. ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പഞ്ചായത്തും കൃഷിഭവനും ചേർന്നു നിയന്ത്രണ നടപടികൾ ആരംഭിച്ചു. ചിറക്കടവ് പഞ്ചായത്തിൽ ശല്യം രൂക്ഷമായ 14–ാം വാർഡ് കൊട്ടാടിക്കുന്ന്, 15–ാം വാർഡ് ചെന്നാക്കുന്ന് പ്രദേശങ്ങളിൽ ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എത്തി നിയന്ത്രണ ഉപാധികൾ നിർദേശിച്ചു. മണിമല പഞ്ചായത്തിൽ മണിമലയാറിന്റെ തീരങ്ങളിലും 3–ാം വാർഡിലുമാണ് ഒച്ചുകളുടെ ശല്യമുള്ളത്.

പകൽസമയങ്ങളിൽ മതിലുകളുടെയും തറകളുടെയും പൊത്തുകളിൽ ഒളിച്ചിരിക്കുന്ന ഇവ സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങി പുലർച്ചെ വരെയുള്ള സമയത്ത് വിളകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വാഴ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളകളെയാണ് ഇവ നശിപ്പിക്കുന്നത്. കൂടാതെ വീടുകളുടെ മുറ്റത്തും ചുമരുകളിലും വരാന്തകളിലും ഇവയെ കണ്ടുവരുന്നു. അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാൻ അവയുടെ മിത്ര ജീവികൾ ഇല്ലാത്തതാണ് പെരുകാൻ കാരണമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. 

മഴക്കാലത്ത് ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കും. ഈർപ്പമുള്ള ജൈവാവശിഷ്ടങ്ങൾ കൂടിക്കിടക്കുന്ന സ്ഥലത്തും മരങ്ങൾ തിങ്ങി നിറഞ്ഞ് സൂര്യപ്രകാശം കടക്കാത്ത സ്‌ഥലങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. ഒച്ചിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഇവയെ കെണിവച്ചു പിടിച്ചു നശിപ്പിക്കാനും അധികൃതർ നിർദേശിക്കുന്നു. ഇതിനുള്ള മാർഗങ്ങളും കൃഷി വിജ്ഞാന കേന്ദ്രം കൃഷി ഭവനുകൾ മുഖേന നൽകുന്നുണ്ട്.

വീട്ടുപരിസരത്തെ നിയന്ത്രണ മാർഗങ്ങൾ 
വീട്ടുപരിസരത്തു ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക, ഈർപ്പമുള്ള അടിക്കാടുകൾ വെട്ടി കളകൾ നശിപ്പിക്കുക. 30 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച് കുറുക്കി ഒരു ലീറ്ററാക്കുക. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. തുരിശ് ലായനി പുകയില ലായനിയിൽ ചേർത്തിളക്കി യോജിപ്പിച്ച് ഒച്ചുകളെ കാണപ്പെടുന്ന മരത്തടികൾ, മതിൽ, ചുമർ എന്നിവിടങ്ങളിൽ തളിച്ചു കൊടുക്കുക.

കൃഷിയിടങ്ങളിലെ നിയന്ത്രണ മാർഗങ്ങൾ 
കിളച്ചിടാൻ പറ്റുന്ന സ്ഥലങ്ങൾ കിളച്ചിട്ട് മണ്ണിനടിയിൽ ഇരിക്കുന്ന ഒച്ചുകളെ നശിപ്പിക്കുക. ഇവയെ പക്ഷികൾ ആഹാരമാക്കും. കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി വിളകളിൽ (വെള്ളരി, നെല്ല് ഒഴികെ) തളിക്കുക.വിളകൾക്കു ചുറ്റും കാണുന്ന ഒച്ചുകളെ നിയന്ത്രിക്കാൻ തുരിശുപൊടി, ബ്ലീച്ചിങ് പൊടി, ബൊറാക്സ് പൊടി, പുകയില പൊടി എന്നിവയിൽ ഏതെങ്കിലും ഒന്ന് വിതറിക്കൊടുക്കുക. കമുക്, തെങ്ങ് പോലുള്ള മരങ്ങളുടെ തടിയിൽ ബോർഡോ കുഴമ്പ് തേച്ചുകൊടുക്കുന്നത് ഒച്ചുകൾ ഇഴഞ്ഞുകയറുന്നത് തടയാൻ സഹായിക്കും.

ഒരുക്കാം കെണികൾ 
നനഞ്ഞ ചണച്ചാക്കുകളിൽ പപ്പായത്തുണ്ട്, കാബേജ്, കോളിഫ്ലവർ, മുരിങ്ങയില എന്നിവ ഒരു ദിവസം വച്ച് പുളിപ്പിച്ച ശേഷം കെണിയായി വയ്ക്കുക. ഇതിലേക്ക് ആകർഷിക്കപ്പെട്ടു വരുന്ന ഒച്ചിനെ 20 % വീര്യമുള്ള (200 ഗ്രാം ഉപ്പ് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി) ഉപ്പു ലായനിയിൽ ഇട്ടു കൊല്ലുക. 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ യോജിപ്പിച്ച് ചെറുതായി നനച്ച് കുഴമ്പ് രൂപത്തിലാക്കി നനഞ്ഞ ചണ ചാക്കിൽ പലയിടങ്ങളിലായി വച്ചാലും ഇവ ആകർഷിച്ചെത്തും. ഇതേ അനുപാതത്തിൽ തയാറാക്കിയ മിശ്രിതം മൺചട്ടികളിൽ വച്ച് പലയിടങ്ങളിലായി കുഴിച്ചിട്ടും ആകർഷിച്ച് നശിപ്പിക്കാം. കൂടാതെ, തവിട്, ശർക്കര, ആവണക്കെണ്ണ എന്നിവ യോജിപ്പിച്ചും കെണി തയാറാക്കാം. കെണികൾ വച്ച് പിടിക്കുന്ന ഒച്ചുകളെ കൊന്നതിനു ശേഷം തെങ്ങിന്റെ തടത്തിൽ മൂടി തെങ്ങിനു വളമാക്കാം.

ബോധവൽക്കരണ ക്ലാസ് നടത്തി 
ചിറക്കടവ് പഞ്ചായത്തും കൃഷിഭവനും ചേർന്നു ആഫ്രിക്കൻ ഒച്ച് - പ്രശ്നങ്ങളും നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് വാർഡംഗം ജയ ശ്രീധറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പ്രജിത പ്രകാശ്, സ്ഥിരസമിതി അധ്യക്ഷ എൻ.ടി.ശോഭന, വാഴൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം, ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ്‌, അഭിലാഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ ഡോ. സ്മിത രവി ക്ലാസ് നയിച്ചു.

‍‍‌നിമാ വിര അപകടം 
ആഫ്രിക്കൻ ഒച്ചിന്റെ ശരീരത്തിലുള്ള നിമാ വിര മനുഷ്യരിൽ മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ഇവയെ കൈകാര്യം ചെയ്യുമ്പോൾ ഇവയുടെ സ്രവം ശരീരത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

English Summary:

African snail infestation is severely impacting agriculture in Kanjirappally, Kerala. Control measures, including home remedies and agricultural methods, are being implemented by local authorities to mitigate the threat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com