ജനത്തെ വിറപ്പിച്ച് തെരുവുനായ്ക്കളുടെ ‘ഗുണ്ടായിസം’; നഗര–ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം

Mail This Article
ചങ്ങനാശേരി ∙ നഗരത്തിലും ഗ്രാമങ്ങളിലും ഭീതിയുണർത്തി തെരുവുനായ്ക്കളുടെ ‘ഗുണ്ടായിസം’. വാഴപ്പള്ളി – കുറ്റിശേരിക്കടവ് റോഡിൽ കൽക്കുളത്തുകാവിലും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസങ്ങളിലായി 8 പേരാണു തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായ്ക്കൾ ഓടിക്കുകയാണ്. നായ്ക്കളെ പേടിച്ച് കുട്ടികളുടെ സ്കൂൾയാത്രയും മടങ്ങിവരവും രക്ഷിതാക്കൾ ഓട്ടോയിലും വാഹനങ്ങളിലേക്കും മാറ്റുകയാണ്. സ്വന്തമായി വാഹനമില്ലാത്തവരുടെയും സാധാരണക്കാരയവരുടെയും മക്കൾ തെരുവുനായ്ക്കളുടെ കടി കൊള്ളാതെ ഓടി രക്ഷപ്പെടണം.
നഗര– ഗ്രാമ വ്യത്യാസമില്ലാതെയാണു തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത്. റോഡിൽ നിന്നു ചാടിവീഴുന്ന തെരുവുനായ്ക്കൾ കാരണം ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽ പെടുന്നു. പലയിടത്തും നായ്ക്കൾ വീടിന്റെ മതിലുകൾ ചാടി കടന്നുവരുന്നു. രാത്രി പലരും വാഹനങ്ങളിലെത്തി ഇറച്ചി അവശിഷ്ടങ്ങൾ നായ്ക്കൾക്കായി റോഡിൽ വിതറുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റോഡിലെ ആക്രമണങ്ങൾ ഭയന്ന് പ്രഭാത–സായാഹ്ന നടത്തം പോലും പലരും ഉപേക്ഷിച്ചു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി ബ്ലോക്ക് പഞ്ചായത്തും നഗരസഭയും പഞ്ചായത്തുകളും ചേർന്നു തുടങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതികക്കുരുക്കുകളിൽ കുടുങ്ങിക്കിടക്കുന്നു.
ഇതുവഴി വന്നാൽ കടി കിട്ടും
∙ ചങ്ങനാശേരി ടൗൺ, പെരുന്ന, രണ്ടാം നമ്പർ ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി, ടിബി റോഡ്, റവന്യു ടവർ, മാർക്കറ്റ്,വണ്ടിപ്പേട്ട, ആനന്ദാശ്രമം, വാഴപ്പള്ളി വടക്കേനട ജംക്‌ഷൻ, കൽക്കുളത്തു കാവ്, പുഴവാത്, പറാൽ, കുരിശുംമൂട്, തെങ്ങണ, പെരുമ്പനച്ചി, മാമ്മൂട്, ഇത്തിത്താനം, തുരുത്തി, വാലടി, നീലംപേരൂർ, പായിപ്പാട്, നാലുകോടി.